കരക്കപ്പലുകൾ
ജീവിതത്തിൽ അനുഭവത്തിലൂടെ പഠിക്കേണ്ട ചിലതുണ്ട്. “മോനെ, കൈ പൊള്ളും” എന്ന് തീ നാളത്തിലേയ്ക്ക് കൈ നീട്ടുന്ന കുഞ്ഞിനോട് അമ്മ പറഞ്ഞാൽ അവനത് ഉൾക്കൊള്ളുകയില്ല. നാളത്തിലെ ചൂട് വിരൽതുമ്പുകളിലെത്തിയാൽ മാത്രമേ അവൻ പൊള്ളൽ എന്ന അനുഭവം എന്താണെന്നറിയൂ.
വിശപ്പ് എന്താണെന്ന് ഞാൻ അറിയുന്നത് ഹൈദരാബാദിൽ വെച്ചാണ്. കയറിക്കിടക്കാൻ കുറച്ച് മണ്ണുപോലുമില്ലാത്ത, തലയ്ക്കു മുകളിൽ ആകാശം മാത്രമായി കഴിയുന്നവരുടെ വേദനകളും.
ലോകത്തെവിടെ ചെന്നാലും ആ സംസ്ക്കാരം ഉൾക്കൊള്ളാനുള്ള മനോഭാവം, അവിടത്തെ ഭാഷ പഠിച്ചെടുക്കുന്നതിനുള്ള മിടുക്ക്, തന്നെ ബോധ്യപ്പെടുന്നതുവരെ മുതലാളിയോടു കാണിക്കുന്ന ആത്മാർത്ഥത, തനിക്കുനേരെയുള്ള കുന്നായ്മത്തരങ്ങൾ മുൻപേ തിരിച്ചറിയാനുള്ള കഴിവ്,..ഇതൊക്കെയാണ് മലയാളിയെ എവിടെയും വേര് പിടിയ്ക്കാൻ സഹായിക്കുന്നത്. ആരംഭകാലത്തെ കഷ്ടപ്പാടുകൾക്ക് ശേഷം എനിക്കവിടെ നിലനിൽപ്പൊരുക്കി തന്നതും ഈ ഗുണങ്ങളൊക്കെ തന്നെ.
ആന്ധ്രയെക്കുറിച്ചോർക്കുമ്പോൾ ആദ്യമോർമ്മയിൽ വരിക തെലുങ്കത്തികളുടെ അപാരവലിപ്പമുള്ള ചന്തിയാണ്. ഒരു വലിയ കൊട്ട കമഴ്ത്തി വെച്ചതുപോലുണ്ടാവും തെലുങ്കിനികളുടെ നിതംബം.വേണമെങ്കിൽ അതിൽ ചവിട്ടി കയറി നിന്ന് മാങ്ങ പൊട്ടിക്കുകയോ മച്ചിലെ ബൾബ് മാറ്റുകയോ ചെയ്യാം. ഈയിടെ നരവംശത്തെക്കുറിച്ചുള്ള ഒരു ലേഖനം വായിച്ചപ്പോഴാണ് ഇത് അവർക്കു മാത്രമുള്ള സവിശേഷതയല്ലെന്ന് വ്യക്തമായത്. നീഗ്രോകളിൽ, ചന്തിയധികമുള്ള പെണ്ണുങ്ങളുടെ ഒരു ജനിതകവിഭാഗം തന്നെയുണ്ടത്രെ !
ചന്തിയിൽ കമ്പം കയറി ചില രാത്രികളിൽ തെലുങ്കത്തി പെണ്ണുങ്ങളെ വിലയ്ക്ക് വാങ്ങിയെങ്കിലും അനുഭവം പഴയതു തന്നെയായിരുന്നു. മിന്നൽ പോലെ ഒരു മുഖം ഇടയ്ക്കിടെ മനസ്സിൽ തെളിയുമ്പോൾ ഓരോ ശ്രമത്തിലും എന്റെ പൌരുഷം തളർന്നു വീണുകൊണ്ടിരുന്നു. എല്ലാ ശ്രമങ്ങളും പാഴായ ഈർഷ്യയിൽ തെലുങ്കിലെന്തൊക്കെ തെറികൾ പറഞ്ഞ് ഓരോ പെണ്ണും ഇറങ്ങിപോകുമ്പോൾ എന്റെ പുരുഷജന്മം അവസാനിച്ചുവോ എന്ന് വ്യാകുലപ്പെട്ട് ഞാൻ നിശബ്ദം കരഞ്ഞു.
ഇടയ്ക്കൊക്കെ ഭക്ഷണം കഴിക്കാൻ വരാറുള്ള ഒരു മദ്ധ്യവയസ്ക്കൻ ട്രക്ക് ഡ്രൈവറെ പരിചയപ്പെട്ടത് അവിടം മടുത്തു തുടങ്ങിയപ്പോഴായിരുന്നു.ഒരു ഹരിയാനക്കാരൻ ബൽബീർ.
ഒരു “ഭിലായിലെ സ്റ്റീൽ പ്ലാന്റിലെ കാന്റീനിൽ ചെന്ന് കയറിക്കൂടിയാൽ പതുക്കെ പ്ലാന്റിൽ ഹെൽപ്പറായി കയറാം ” . അയാൾ പറഞ്ഞു ഹിന്ദിയും തെലുങ്കും കൂട്ടികലർത്തിയുള്ള അയാളുടെ സംസാരത്തിന് ഒരിമ്പമുണ്ടായിരുന്നു “ വേണെങ്ങെ എന്നോടൊപ്പം പോരെ.. ഈ ട്രിപ്പ് ഞാനാ വഴിയാ
പോകുന്നത്.നാളെ കാലത്തെറങ്ങും. ”
അധികം ആലോചിക്കാൻ നിന്നില്ല. ജീവിതമോ ഇങ്ങനെയൊക്കെയായിപ്പോയി, ഇനി കുറച്ച് ലോകമെങ്കിലും കാണാമെന്ന് തീരുമാനിച്ചു.
പ്രതീക്ഷച്ചതുപോലെ രസകരമായിരിക്കില്ല യാത്രയെന്ന് ആദ്യ ദിവസം തന്നെ ബോധ്യപ്പെട്ടു. നഗരാതിർത്തി കഴിഞ്ഞപ്പോൾ വിജനമായ മാന്തോപ്പുകൾ. അതു കഴിഞ്ഞപ്പോൽ കണ്ണെത്താ ദ്ദൂരം പരന്നു കിടക്കുന്ന നെൽപ്പാടങ്ങൾ, മുളകുപാടങ്ങൾ..പക്ഷെ എവിടെയെങ്കിലും ഒരു മനുഷ്യക്കുഞ്ഞിനെ കാണണമെങ്കിൽ മണിക്കൂറുകൾ കാത്തിരിക്കണം. തലയിൽ തീ കോരിയോഴിക്കുന്ന സൂര്യൻ. പോരാത്തതിന് തീരെ അപ്രതീക്ഷിതമായിരുന്നു അയാളുടെ പെരുമാറ്റരീതികൾ. ചിലപ്പോൾ അയാൾ തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചു.. ചിലപ്പോൾ മണിക്കൂരുകളോളം മിണ്ടാതിരുന്ന് വണ്ടിയോടിച്ചു, മറ്റു ചിലപ്പോൾ നിസ്സാരകാര്യത്തിനു വലിയ തെറികൾ പറഞ്ഞു ചീത്ത വിളിച്ചു.
രണ്ടാം ദിവസമായപ്പോഴേയ്ക്കും മടുപ്പ് ഉച്ച്സ്ഥായിയിലെത്തി. മേലാസകലം ഒരു തരം വേദന.ഉച്ചയായപ്പോഴേയ്ക്കും തിളച്ചു മറിയുന്ന അടുപ്പിലൂടെയാണു വണ്ടിയോടുന്നതെന്നു തോന്നി.ഒരു കാക്കത്തണൽ പോലുമില്ലാതെ നീണ്ടു കിടക്കുന്ന റോഡ്. അല്പം കഴിഞ്ഞപ്പോൾ ദൂരെ റോഡരികിൽ ഒരു പൊട്ടുപോലെ എന്തൊ കണ്ടു. സ്വൽപ്പം കൂടി അടുത്തെത്തിയപ്പോൾ ആശ്വാസമായി. നിർത്തിയിട്ടിരിക്കുന്ന ചരക്ക് ലോറികളാണ്. അയാൾ ഏറ്റവും പുറകിൽ കൊണ്ടു വണ്ടി നിർത്തി.
“എത്രയായ് ഭായ് വന്നിട്ട് ?” അയാൾ മുന്നിൽ കിടന്നിരുന്ന വണ്ടിയുടെ താഴെക്കിടന്ന് മയങ്ങുകയായിരുന്ന ഡ്രൈവറോട് ചോദിച്ചു.
“ ഓ രണ്ട് രണ്ടര മണിക്കൂറായി ..ഇനിയധികം വൈകില്ലെന്ന് തോന്നുന്നു..”
“പെട്ടൂന്നാ തോന്നുന്നേ പഹയാ.. ഉണ്ണാൻ നേരം കിട്ടുമെന്ന് തോന്നുന്നില്ല. നീയാ ഹോട്ടലീന്ന് റൊട്ടീം കിഴങ്ങ് കറീം പാഴ്സൽ വാങ്ങിച്ചോ..ഞാനീ പേപ്പറുകളൊക്കെ കാണിച്ചിട്ട് വരാം..വേഗം നടക്ക് ”
പത്ത് മുപ്പത് വണ്ടികൾക്ക് മുന്നിലായിരുന്നു ഹോട്ടൽ.
തിരികെ വരുമ്പോൾ പെട്ടന്ന് അയാൾ എന്നെ പുറകൈൽ നിന്നു തള്ളി. “ ഓട്..അവരിങ്ങെത്തി…”
പുറകിൽ വണ്ടികളുടെ ഇരമ്പവും ഹോണും കേട്ടു തുടങ്ങിയിരുന്നു. എനിക്കൊന്നും മനസ്സിലായില്ല. ഒരു ചെക്പോസ്റ്റിൽ എന്തിനാണിത്തരം അഭ്യാസങ്ങൾ ?
അയാളോടൊപ്പം ഓടി ചെന്ന് വണ്ടിയിൽ കയറിയിരുന്നു. എതിർവശത്തൂടെ ചരക്കുലോറികളുടെ ഒരു നീണ്ട നിര കടന്നു പോകുന്നു. മുന്നിൽ ഒരു പോലിസ്സ് ജീപ്പ്. നിര അവസാനിച്ചപ്പോൾ കണ്ടു ; പുറകിലും ഒരു പോലിസ്സ് ജീപ്പ് !
മുൻപിലെ വണ്ടികൾ നീങ്ങി തുടങ്ങിയിരുന്നു. ഇപ്പോൾ ഞങ്ങൾക്കു പുറകിൽ രണ്ടു ലോറികൾ കൂടിയുണ്ട്. അതിനും പുറകിൽ പോലീസ് ജീപ്പ് !!
“എന്താണിത് ? ചെക് പോസ്റ്റല്ലേ..പിന്നെന്തിനാ ജീപ്പ് ?” ഞാൻ സംശയം മറച്ചു വെച്ചില്ല.
“ അതു നിനക്ക് വഴിയേ പറഞ്ഞു തരാം..ഇപ്പോഴത്തെ തിക്കും തിരക്കുമൊക്കെ ഒന്നു കഴിഞ്ഞോട്ടെ”
ഞാൻ പുറത്തേയ്ക്ക് നോക്കി. ഒരു വശത്ത് ഉണങ്ങി വരണ്ടു കിടക്കുന്ന സമതലം. മറുവശത്ത് മൊട്ടക്കുന്നുകൾ..
“ഇനി കൊറച്ച് കഴിയുമ്പോ കാടാവും ..അതോടെ റോഡും മോശാവും. അതിനു മുൻപ് നമുക്ക് റൊട്ടി കഴിക്കാം.” അയാൾ പറഞ്ഞു. വളരെ സൌമ്യഭാവമാണ് അയാൾക്കിപ്പോൾ.ഒരു കൈകൊണ്ട് റൊട്ടി ചാറിൽ മുക്കി തിന്ന് ,അനായാസം അയാൾ വണ്ടിയോടിച്ചു.
“ബജ്‌രംഗ്ബലി..കുഴപ്പമൊന്നും വരുത്തല്ലേ..” വണ്ടി കാട്ടിലേക്ക് കയറുമ്പോൾ അയാൾ ഹനുമാന്റെ ചിത്രം തൊട്ട് നെറുകയിൽ വെച്ചു.
അയാൾ പറഞ്ഞതു പോലെ , ഇപ്പോൾ അവിടെയിവിടെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ..ചിലയിടത്ത് ടാറിങ്ങ് പോലുമില്ല.
“ ഈ റോഡെന്താ ഇങ്ങനേന്നറിയോ നിനക്ക് ? “ അയാൾ ചോദിച്ചു.
ഞാൻ ഇല്ലെന്ന് തലയാട്ടി.
“ലാന്റ് മൈൻ പൊട്ടിതെറിച്ചുണ്ടായ കുഴികളാ പലയിടത്തും.. വണ്ടികൾക്ക് സ്പീഡ് കിട്ടാതിരിക്കാൻ എടയ്ക്കവര് റോഡ് വെട്ടിപ്പൊളിച്ചിടുകയും ചെയ്യും”
“ആര് ?”
“നക്സലൈറ്റുകള്..ഞാൻ പണ്ടൊക്കെ ഈ റൂട്ടില് വന്നിര്ന്ന കാലത്ത് കൊള്ളക്കാരായിരുന്നു ഉണ്ടായിരുന്നത്. അന്നൊന്നും പോലീസ് ഉണ്ടായിരുന്നില്ല. അങ്ങോട്ട് പോകുമ്പോഴും ഇങ്ങോട്ട് വരുമ്പോഴും കുറെ വണ്ടികൾ കൂട്ടമായിട്ടേ പോകൂ. ..ഇടയിലെങ്ങാനും വണ്ടി ബ്രേക്ക് ഡൌണായാ അവന്റെ കാര്യം പോക്കാ…കൂടെയുള്ളവര് അകന്നു കഴിഞ്ഞാ അവര് പാഞ്ഞെത്തും. ചരക്കുകള് മുഴുവൻ കൊള്ളയടിക്കും.ചിലപ്പോ വണ്ടിയടക്കം കൊണ്ടു പോകും. വണ്ടിക്കാരെ കൊല്ലണോ വേണ്ടോന്നൊക്കെയുള്ളത് അവര്ടെ ആ നേരത്തെ ചിന്ത പോലെയാ....ഇപ്പ നക്സലൈറ്റുകളായേപ്പിന്നെ വണ്ടിക്കാരെ ഒന്നും ചെയ്യില്ലാന്ന് കേട്ടിട്ടുണ്ട്. അവർക്ക് പോലീസുകാരെയാ നോട്ടം. എന്നാലും തട്ടിപ്പറിയ്ക്ക് കൊറവുന്നുമില്ല. മൈനൊക്കെ അവര് പോലീസുകാരെ വിഴ്ത്താൻ വേണ്ടി വെക്ക്ണതാ.. പക്ഷെ മൈനിന് അറിയില്ല്യലോ പോലീസ് വണ്ടിയേതാ ചരക്ക് വണ്ടിയേതാനൊന്നും. അതിന്റെ മുകളീലൂടെ എന്ത് കേറിയാലും അത് പൊട്ടും. ! ”
ഉവ്വ്. ഇപ്പോഴൊരു ചെറിയ പേടി തോന്നുന്നുണ്ട്. എങ്കിലും ആശ്വസിക്കാൻ ശ്രമിച്ചു. ചിലതൊക്കെ അയാൾ വെറുതെ പറയുന്നതാവും.
അയാളിപ്പോഴധികം സംസാരിക്കുന്നില്ല. കുഴിയിലും കൂർത്തപാറക്കല്ലുകളിലും കയറിയിറങ്ങാതെ വണ്ടിയോടിക്കുവാൻ ശ്രദ്ധിക്കുകയാണ്.
“ഇനിയവിടെ എത്തുന്നതുവരെ ഇങ്ങനെ തന്നെയാണോ ?” ഞാൻ അങ്കലാപ്പോടെ ചോദിച്ചു.
“ഛായ്..ഇനിയൊരു പത്തറുപത് കിലോമീറ്ററും കൂടിയേയുള്ളൂ. അതുകഴിഞ്ഞാ പാട്ടും പാടി പോകാം….
സ്വല്പം കൂടി കഴിഞ്ഞാ തുറസ്സായ ഒരു സ്ഥലത്തെത്തും ..അവിടെ ചെന്നാലറിയാം അവരുടെ പരിപാടി എന്താന്ന്…”
അയാൾ പറഞ്ഞതുപോലെ കുറച്ചു ദൂരം കഴിഞ്ഞപ്പോൾ തുറസ്സായ ഒരു പുൽമേടിൽ വണ്ടിയെത്തി. അതിനുമകലെ കുന്നിൻചെരുവിലെ പച്ചപ്പും കാണാം.
“നീയവിടേയ്ക്ക് നോക്ക്..” അയാൾ വലതുവശത്തേയ്ക്ക് കൈ ചൂണ്ടി.” ദൂരെ കുതിരകൾ മേയുന്നതു കാണുന്നുണ്ടോ ? ”
ഞാൻ സൂക്ഷിച്ചു നോക്കി..ഇല്ല..കണ്ണെത്താ ദൂരത്തോളം പച്ചപ്പല്ലാതെ ഒന്നും കാണാനില്ല.
“സൂക്ഷിച്ച് നോക്ക് കഴുതേ ” അയാൾ പരിഭ്രമത്തോടെ പറഞ്ഞു. വണ്ടിയോടിക്കുന്നതിനിടെ അയാളും നോക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
“ഇല്ലണ്ണാ..സത്യം..ഒന്നും കാണാനില്ല..” ഞാൻ നിസ്സഹായതയോടെ പറഞ്ഞു.
“ചതിച്ചു” അയാളുടെ ശബ്ദത്തിൽ ഭയം കലർന്നിരുന്നു. “എന്നാ നീയാ കുന്നിൻപുറത്തേയ്ക്ക് നോക്ക്..സൂക്ഷിച്ചു നോക്ക്..എന്നാലെ കാണൂ..കുതിരപ്പുറത്ത് ആൾക്കാരുണ്ടോന്ന് ..”
പെട്ടന്ന് എന്നെ അമ്പരപ്പിച്ചു കൊണ്ട് മറ്റൊരു ദൃശ്യം കണ്ണിൽ പതിച്ചു. റോഡിൽ നിന്നു കുറച്ചു ദൂരെയായി കത്തിയമർന്ന ഒരു ലോറിയുടെ അസ്ഥികൂടം. അതിനടുത്ത് ഒരു ജീപ്പിന്റെ അവശിഷ്ടങ്ങൾ..
“അങ്ങോട്ട് നോക്കെടാ പന്നീ ” അയാൾ കൈ നീട്ടി എന്റെ തലയിലടിക്കാൻ ശ്രമിച്ചു.
എനിക്ക് ഈർഷ്യ തോന്നാതിരുന്നില്ല. നോക്കിയിരിക്കാൻ ഒരു കാട്ടുമൃഗം പോലുമില്ലാത്തിടത്തേയ്ക്ക് എത്ര നേരമെന്നു കരുതിയാണ് നോക്കിയിരിക്കുക !ഇതൊക്കെ ഒരു കെട്ടുകഥയായിരിക്കുമോ ? പക്ഷെ വഴിയിൽ കണ്ട ആ ലോറി…പെട്ടന്ന് ശരീരത്തിലെ രോമകൂപങ്ങളെണീറ്റു – കണ്ണിലെന്തോ തടഞ്ഞിരിക്കുന്നു. അങ്ങു ദൂരെ , പാറപ്പുറത്ത് ഒരു പൊട്ടുപോലെ കാണുന്നത് ഒരു കുതിരയല്ലേ ? അതിനുപുറത്ത് അവ്യക്തമായി കാണുന്നത് ഒരു മനുഷ്യനെയല്ല്ല്ലേ ?
“അണ്ണാ..അവിടെ കുതിരപ്പുറത്തൊരു മനുഷ്യൻ..” പരിഭ്രമത്തോടെ അയാളൊട് പറഞ്ഞു.
“ബജ്രംഗ്ബലി..ചതിച്ചോ ! നീ ശരിക്കും നോക്ക്..അതിന്റേം പിന്നില് കുതിരകളുണ്ടോ ? ”
നോക്കിക്കൊണ്ടിരിക്കെ പെട്ടന്ന് കണ്ണിലാകെ പച്ചപ്പ് നിറഞ്ഞു. വണ്ടി പുൽമൈതാനം വിട്ട് വീണ്ടും കാട്ടിലേക്ക് കയറിയിരുന്നു. ഇനിയൊന്നും കാണാനാവില്ല.
പുറകിൽ നിന്ന് പോലീസ് ജീപ്പിന്റെ നിർത്താതെയുള്ള ഹോൺ കേട്ടു. ഒരു ബാറ്റൺ പോലെ വണ്ടികൾ മുന്നിലേക്ക് ഹോൺ കൈമാറി പോകുന്നു.
“അവരും കണ്ടിട്ടുണ്ട്…ഏടാ ശരിയ്ക്കും പിടിച്ചിരുന്നോ..ഇനിയൊരു മരണപ്പാച്ചിലായിരിക്കും..എത്തിയാലെത്തി ” നിരാശയാണോ ഭയമാണോ അയാളുടെ ശബ്ദത്തിൽ നിറഞ്ഞു നിന്നിരുന്നതെന്ന് എനിക്കു മനസ്സിലായില്ല.
അതെ. അയാൾ പറഞ്ഞത് ശരിയാണ്. കുണ്ടും കുഴിയും ഒഴിവാക്കി പതുക്കെ നീങ്ങിയിരുന്ന വണ്ടികൾ ഇപ്പോൾ അതൊന്നും നോക്കാതെ പാഞ്ഞു പോകുകയാണ്. ഓരോ വീഴ്ച്ചയിലും വണ്ടി കുലുങ്ങി തെറിക്കുന്നു.
“പണ്ടാറാടങ്ങാൻ ..ലോഡ് ഓവറ് കേറ്റണ്ടാന്ന് ഞാനാ പന്നീരെ മോൻ മാനേജരോട് പറഞ്ഞതാ..ആ തെണ്ടിയ്ക്ക് ഇതുവല്ലതും അറിയണോ ? ”
അനുനിമിഷം എന്റെ ധൈര്യം ചോർന്നു പോകുകയാണ്. ഞാൻ ഏറ്റവും പുറകിൽ വരുന്ന പോലീസുകാരെ കുറിച്ചോർത്തു. അവാരെന്താണ് ചിന്തിക്കുന്നുണ്ടാകുക ?
പെട്ടന്നൊരു വെടിമുഴക്കം കേട്ടു. വണ്ടികളുടെ ബ്രേക്ക് കരയുന്ന ശബ്ദം. മുൻപിലെ വണ്ടികൾ നിരങ്ങി നീങ്ങുന്നു.
“ഹേ ഭഗവൻ..” അയാൾ കരഞ്ഞു കൊണ്ട് ബ്രേക്ക് ആഞ്ഞു ചവിട്ടി. തൊട്ടു മുന്നിലത്തെ വണ്ടിയിൽ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ വണ്ടി നിന്നു.
നാലഞ്ച് ലോറികൾക്കപ്പുറം ഒരു ലോറി വരി തെറ്റി വലതുവശത്തേയ്ക്ക് കയറി ഒരു മരത്തിൽ മുട്ടി നിൽക്കുന്നു !
“ഹോ ! ” , ആശ്വാസത്തോടെ അയാൾ പറഞ്ഞു : “ പഞ്ചറായതാണ്. മറ്റവന്മാരല്ല ”
ഒരു ചെറിയ ഇടവേള. പിന്നിലെ ജീപ്പ് മറികടന്ന് മുന്നിലേക്കു പോയി. പോലീസുകാർ വണ്ടിക്കാരോട് എന്തോ പറഞ്ഞ് വീണ്ടും പുറകിലേക്ക് വന്നു. ആ വണ്ടിക്കാർ പുറകിലുള്ള ലോറിയിൽ കയറി യാത്ര തുടരുന്നു. ഒരു പത്ത് മിനിറ്റ് പോലും എടുത്തിട്ടുണ്ടാവില്ല.
“ഗോതമ്പും അരിയുമൊന്നുമല്ലെന്ന് തോന്നുന്നു. അവന്മാർക്ക് ആവശ്യമില്ലാത്ത ചരക്കുകളാണെങ്കിൽ അവർ പറയുന്ന പൈസ കൊടുത്താൽ സംഗതി തിരികെ കിട്ടും. ഇല്ലെങ്കിൽ കാര്യം പോക്കാണ്.”പഞ്ചറായിക്കിടക്കുന്ന ലോറിയെ മറികടന്നു പോകുമ്പോൾ അയാൾ പറഞ്ഞു.
ആർക്കും വേണ്ടാത്ത ഒരനാഥ ശവം പോലെ ആ വണ്ടി പുറകിൽ മറഞ്ഞു.
“ ഒരു തവണ ഞാനും പെട്ടതാ..അന്ന് ഉരുക്കായിരുന്നു ലോഡ്..രൂപാ അമ്പതിനായിരമാ കൊടുത്തത് വണ്ടി കിട്ടാൻ.വേടിക്കാനും കൊടുക്കാനുമൊക്കെ ഇടനിലക്കരുണ്ട്..”
“അപ്പോ ഈ പോലീസ്സുകാരെന്തിനാ ? ”
“ അവർ പിന്നെ ചത്ത വണ്ടിയ്ക്ക് കാവല് കെടക്കണോ അതോ ജീവനോള്ള മനുഷ്യരുടെ കൂടെ പോകണോ ? പിന്നെ അവരും മനുഷ്യരല്ലേ..അവർക്കുമുണ്ടാവും ജീവനിൽ കൊതി..എന്തായാലും അവരിപ്പോ സി. അർ.പിക്കാർക്ക് മെസേജ കൊടുത്തു കാണണം ! ”
വണ്ടികൾ വീണ്ടും മരണപ്പാച്ചിൽ തുടരുകയാണ്. ശത്രു എപ്പോൾ വേണമെങ്കിലും ചാടി വീഴാമെന്ന ഭീതിയോടെ.
“നീയാ കുന്നിന്റെ മുകളിലേയ്ക്ക് നോക്കിയിരുന്നോ..അവര് വരുന്നുണ്ടെങ്കിൽ ഇടയ്ക്ക് കാണാം”
ഉവ്വ്. ചില വെളിമ്പുറങ്ങളിലെത്തുമ്പോൾ കുറച്ചുകൂടി വ്യക്തമാകുന്നുണ്ട്..കുന്നിന്മുകളിലൂടെ കുതിരപ്പുറത്ത് അവർ പാഞ്ഞെത്തുന്നുണ്ട്..അസ്ഥികളിൽ ഒരു തരം തണുപ്പ് അരിച്ചിറങ്ങുന്നു.
“ അവർ കുറച്ചു കൂടി അടുത്തെത്തിയിട്ടുണ്ട്…” എന്റെ ശബ്ദം വിറച്ചു.
“ഹേ ഭഗവൻ..നീ ഞങ്ങളെ കൈവിടുകയാണോ !. എങ്ങനെയെങ്കിലും ആ മൂന്നാം മൈലിനപ്പുറമെത്തിയാൽ അവിടെ നിന്ന് വരുന്ന സി. ആർ. പിക്കാർ എത്തിയിട്ടുണ്ടാവും. പിന്നെ പേടിക്കാനില്ല.ആപത്തൊന്നുമുണ്ടാക്കല്ലേന്ന് ഗുരുകാരണവന്മാരോടും ദൈവങ്ങളോടും പ്രാർത്ഥിച്ചോ..”
അപ്പോൾ മാത്രം ഞാനമ്മയെ കുറിച്ചോർത്തു. പനിച്ചു വിറച്ച രാത്രിയിൽ കൂടെ ചേർത്തു കിടത്തി നെറുകയിൽ നനച്ച തുണിയിട്ടു തന്ന അമ്മ…
അറിയാതെ കണ്ണു നിറഞ്ഞു.
പെട്ടന്ന് താഴ്വാരെ മുഴങ്ങിക്കൊണ്ട് ഒരു വെടിശബ്ദമുയർന്നു.ഞാൻ ഇരുന്നിടത്തിരുന്ന് ഞെട്ടിത്തെറിച്ചു.
“പോലിസുകാര് അവരെത്തുന്നതിനുമുന്നെ വെടിവെപ്പു തുടങ്ങും. പേടി കൊണ്ടാ..മറ്റേ പന്നികള് അങ്ങനെയല്ല. അവര് ഉണ്ടകളൊന്നും വെറുതെ കളയില്ല. ..നേരത്തെ ഒരു ജീപ്പും ലോറീം കത്തിക്കരിഞ്ഞ് കിടക്കുന്നത് കണ്ടോ ? അവര് ബോംബെറിഞ്ഞതാ..അന്ന് അഞ്ച് പോലീസുകാരാ ഒരുമിച്ചു പടായത്. പൊട്ടിത്തെറിച്ച ജീപ്പിൽനിന്നു തീപ്പൊരി വീണിട്ടാ ലോറി കത്തിയത്. എവടന്ന് വെള്ളമെടുത്ത് കെടുത്താനാ ?അന്ന് ഞാനേറ്റവും മുന്നിലായിരുന്നു.അന്നും പോയി രൂപ മുപ്പതിനായിരം.”
പക്ഷെ ഞാൻ ശ്രദ്ധിച്ചു. ഈ കോലാഹലങ്ങൾക്കിടയിലും വണ്ടികളുടെ വേഗം കുറഞ്ഞു വരികയാണ് !
“അയ്യോ..മുന്നിലെ വണ്ടികൾക്കെന്തൊ പറ്റിയെന്നു തോന്നുന്നു. വണ്ടികളൊക്കെ സ്ലോവായല്ലോ ! ”
“ പണ്ടാറടങ്ങാൻ..” അയാൾ പല്ലു ഞെരിച്ചു. “ ആ സി. ആർ. പി. പന്നികളായാ മതിയായിരുന്നു. അവരാണെങ്കിൽ അഞ്ചുപത്തുമിനിറ്റുകൊണ്ടിവിടെയെത്തും.”
ഇപ്പോൾ വെടിശബ്ദം തുടരെ മുഴങ്ങുന്നുണ്ട്.പക്ഷെ അടിയേറ്റു മരിച്ച ഒരു മലമ്പാമ്പിനെപ്പോലെ വണ്ടികളുടെ നിരയുടെ ചലനം ഇപ്പോൾ നിലച്ചിരിക്കുന്നു.
“ ആ കഴുതകൾക്കു ബോധമുണ്ടെങ്കിൽ ജീപ്പീന്നിറങ്ങി മരങ്ങളുടെ പിന്നിൽ മറഞ്ഞിരുന്ന് വെടിവെക്കും. അല്ലെങ്ങെ ഇനിയും കുറെയെണ്ണം പടമാവുന്നത് ഞാൻ കാണേണ്ടി വരും”. അയാൾ എഞ്ചിൻ ഓഫാക്കി. “ ഇനിയൊരു തീരുമാനമായിട്ടേ നീങ്ങുകയുള്ളൂ”
“അമ്പടാ..മറ്റവര് വന്നു !!“ അയാൾ പെട്ടന്ന് ആഹ്ലാദത്തോടെ തുടയിലടിച്ചുകൊണ്ടു മുന്നോട്ടു ചൂണ്ടി.
ഞാൻ ഉദ്വേഗത്തോടെ നോക്കി. നാലഞ്ച് വണ്ടികൾക്കപ്പുറം എതിരേ വന്ന മൂന്ന് പട്ടാളവണ്ടികളിൽ നിന്ന് പട്ടാളക്കാരിറങ്ങുന്നു. തോക്കുകളും ആയുധങ്ങളുമായി അവർ കാടിളക്കി മുന്നോട്ട് കുതിക്കുന്നു. ചിലർ റോഡിലൂടെ നേരെ ഓടി വരുന്നുണ്ട്.ആഹ്ലാദം കൊണ്ട് എനിക്കു രോമാഞ്ചമുണ്ടായി. ആശ്വാസത്തിന്റെ മഴയിൽ മനസ്സു തണുക്കുന്നു.
“വണ്ടീന്നെറങ്ങി അവിടെ ഞങ്ങളുടെ വണ്ടിയുടെ പുറകിൽ ചെന്ന് നിൽക്കു” ഒരു പട്ടാളക്കാരൻ ഞങ്ങളോട് പറഞ്ഞു.
“ഛെ..കഷ്ടായി..നല്ലൊര് വെടിവെപ്പ് കാണാനുള്ള ചാൻസ് പോയി..”വണ്ടിയിൽ നിന്നിറങ്ങുമ്പോൾ അയാൾ പറഞ്ഞു.
പട്ടാളവണ്ടിക്കു പുറകിൽ വണ്ടിക്കാരെല്ലാം കൂടി നിൽപ്പുണ്ടായിരുന്നു.
“എന്താവുമോ എന്തോ ? പട്ടാളക്കാര് വന്നപ്പഴാ എനിക്കു ശ്വാസം നേരെ വീണത് ” ഒരാൾ ഗ്രാമീണച്ചുവയുള്ള ഹിന്ദിയിൽ പറഞ്ഞു.
“ ഇത് പട്ടാളക്കാരല്ല. സി ആർ പിക്കാരാ..ഇപ്രാവശ്യം മറ്റവന്മാർക്ക് തിരിഞ്ഞോടേണ്ടി വരും. അവര് സ്വൽപ്പം തുറന്ന സ്ഥലത്താ നിൽക്കുന്നത്. നമ്മൾ കാട്ടിലും. മറഞ്ഞിരുന്ന് വെടി വെക്കാൻ ഇഷ്ടം പോലെ സ്ഥലം. .” എന്റെ വണ്ടിക്കാരൻ പറഞ്ഞു.
വെടിശബ്ദവും സ്ഫോടങ്ങളും താഴ്വാരം വിറപ്പിച്ചുകൊണ്ടിരുന്നു.
“ഇവര് ഗ്രനേഡും ആട്ടോമാറ്റിക് റൈഫിളും വെച്ചാ പെടയ്ക്കുന്നത്..അവന്മാർ ഇനി അധികനേരം പിടിച്ചു നിൽക്കില്ല” അയാൾ ആവർത്തിച്ചത് എല്ലാവരും സന്തോഷത്തോടെയാണു കേട്ടത്.
അയാൾ പറഞ്ഞതുപോലെ, അല്പസമയം കഴിഞ്ഞപ്പോൾ വെടിശബ്ദങ്ങൾ കുറഞ്ഞു തുടങ്ങിയിരുന്നു.ഞങ്ങളുടെ അരികെ നിന്നിരുന്ന പട്ടാളവണ്ടികൾ പതുക്കെ മുന്നോട്ട് നീങ്ങി.
“ നിങ്ങള് പൊക്കോ..അവന്മാർ പിൻവാങ്ങി” വെടിശബ്ദങ്ങൾ പൂർണ്ണമായും നിലച്ച് അല്പസമയം കഴിഞ്ഞപ്പോൾ ഒരു പട്ടാളക്കാരൻ ഞങ്ങൾക്കനുമതി തന്നു. വണ്ടിക്കാരെല്ലാം ആഹ്ലാദശബ്ദങ്ങളോടെ പട്ടാളത്തിനു ജയ് വിളിച്ച് വണ്ടികൾക്കരികിലേക്കോടി.
നേരത്തെ ഒരു വിലാപയാത്ര പോലെ നീങ്ങിയ വണ്ടികൾ ഇപ്പോൾ ആടിയും പാറ്റിയും നീങ്ങുന്ന ഒരു ഗായകസംഘമാണെന്ന് എനിക്കു തോന്നി. വണ്ടിക്കാരെല്ലാം ആഹ്ലാദപൂർവം ഹോൺ മുഴക്കുന്നു.
ചെക്പോസ്റ്റിലെത്തിയപ്പോൾ അവിടെ നിൽക്കുന്ന പോലീസുകാരും ഏറെ ആഹ്ലാദവാന്മാരാണെന്ന് തോന്നി.
“ പണ്ടാറടങ്ങാൻ.. അല്ലെങ്കിൽ നൂറ് വെച്ചാ കൊടുത്താ മതിയായിരുന്നു.. ഇപ്പോ ദേ രൂപ ഇരുന്നൂറ്റമ്പതാ കൊടുത്തത്..പണ്ടാറങ്ങള് ആഘോഷിക്കട്ടെ..മരണം കൈയ്യിൽ പിടിച്ച് നമ്മളോടൊപ്പം വരുന്നതല്ലേ..”ചെക്കിങ്ങ് കഴിഞ്ഞ് തിരികെ ലോറിയിൽ കയറുമ്പോൾ അയാൾ പറഞ്ഞു.
ചെക്കിങ്ങ് കഴിഞ്ഞതോടെ വണ്ടികൾ മിക്കതും തിരക്കിട്ട് പാഞ്ഞു തുടങ്ങിയിരുന്നു. അയാളാകട്ടെ പതുക്കെ മാത്രം വണ്ടിയോടിച്ചു. “ നമുക്ക് പതുക്കെ അടിച്ച് പൊളിച്ചൊക്കെ പോയാ മതി അല്ലേഡെ..?”
ഞാനൊന്നും പറഞ്ഞില്ല. എങ്ങനെ പോയാലും എനിക്കൊന്നുമില്ല. ആഹ്ലാദം കൊണ്ട് ഇടയ്ക്കൊക്കെ തലകുത്തിമറിയണമെന്നു മാത്രം തോന്നുന്നുണ്ട്.
വഴിയിലൊരിടത്ത് ചായ കുടിച്ച് തിരികെ കയറുന്നതിനിടെ അയാൾ ഒരു പലചരക്കുകടയിൽ നിന്ന് ചിലതെല്ലാം വാങ്ങുന്നതു കണ്ടു. ആട്ട,പരിപ്പ് , സവാള, മുളക്, ഉപ്പ്..
“ഇതൊക്കെ എന്തിനാ ?” ഞാൻ ചോദിച്ചു.
“അതൊക്കെ നിനക്ക് വഴിയേ മനസ്സിലായിക്കൊള്ളും” അയാൾ ചിരിച്ചു.
ഇരുട്ട് പരന്നു തുടങ്ങിയിരുന്നു. എതിരെ വരുന്ന ചരക്ക് ലോറികളൊഴിച്ചാൽ മനുഷ്യരെപ്പോലും കാണാനില്ല. ഇടയ്ക്ക് വല്ലപ്പോഴും മാത്രം ചില ചെറിയ ഗ്രാമങ്ങൾ കാണാം.
പെട്ടന്നാണു കണ്ടത്. ദൂരെ, വഴിയരികിൽ ഒരു പെണ്ണ് വണ്ടിയ്ക്ക് കൈ കാണിക്കുന്നു.
“ഒരു പെണ്ണ് കൈകാണിക്കുന്നുണ്ട്. ബസ്സാണെന്ന് വിചാരിച്ചാവും ” ഞാൻ പറഞ്ഞു.
“ഹ ഹ ഹ ” അയാൾ ഉറക്കെ ചിരിച്ചു, എനിക്കൊന്നും മനസ്സിലായില്ല. ഇതിലെന്താണിത്ര ചിരിക്കാൻ !
അയാൾ ഒന്ന് നീട്ടി ഹോണടിച്ചു. പെണ്ണ് കൈ താഴ്ത്തി വഴിയരികിലേക്ക് നീങ്ങി നിന്നു. അയാൾ അങ്ങോട്ടൊന്ന് നോക്കുകപോലും ചെയ്യാതെ വണ്ടിയോടിച്ചു. ഞാൻ പിന്തിരിഞ്ഞു നോക്കി. അവളവിടെ തന്നെ നില്പുണ്ട്.
“നീയ്യ് പെണ്ണുങ്ങളെ ഡ്രൈവ് ചെയ്തിട്ടുണ്ടോടെ ?” അയാളുടെ ചോദ്യം അപ്രതീക്ഷിതമായിരുന്നു. ഞാൻ ഒരെത്തും പിടുത്തവും കിട്ടാതെ അയാളെ നോക്കി.
“നിന്റെ നടപ്പും ഭാവവും കണ്ടിട്ട് നീയിപ്പഴും ശരിക്കും ഒരാണായിട്ടില്ല്യാന്ന് എനിക്ക് മനസ്സിലായിട്ടുണ്ട് ”
അയാൾ ഒന്നു നിർത്തി ആലോചിച്ചു. വീണ്ടും സംസാരം തുടർന്നു ;“ ഈ ചരക്കുലോറികളുണ്ടല്ലോ..അത് കരയിലെ കപ്പലാണ്. ഒരു തുറയിൽ നിന്ന് അടുത്ത തുറയിലേക്ക് കടലിലൂടെ ഒഴുകുന്ന പോലെ അതിങ്ങനെ റോഡിലൂടെ ഒഴുകികൊണ്ടിരിക്കും. ഇടയിലെങ്ങും വെച്ച് ഒരു കാറും കോളും കിട്ടിയാലോ, എങ്ങനെയെങ്കിലും അടുത്ത് തുറയിലെത്തണമെന്ന് പ്രാർത്ഥിക്കും. എന്നിട്ട് അവിടെയെത്തുമ്പഴോ, ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ അർമാദിക്കണമെന്ന് തോന്നും. പെണ്ണും പെടക്കോഴീം ചാരായോം കുടിച്ച് കുത്തിമറിയും. അങ്ങനെ കരയിലെ കപ്പിത്താന്മാരെ സന്തോഷിപ്പിക്കാൻ നിൽക്കുന്നതാ ആ പെണ്ണ്.. ചെക്പോസ്റ്റ് കഴിഞ്ഞ് വര്ന്ന വണ്ടിക്കാർക്ക് ജീവന്റെ ലഹരി പകരാൻ..” അയാൾ ചിരിച്ചു.
ഇപ്പോഴതാ, വഴിയിൽ രണ്ടു പെണ്ണുങ്ങൾ കൈ കാണിക്കുന്നു. അയാൾ വണ്ടി സ്ലോ ചെയ്തു. “നമുക്കൊന്ന് നോക്കിയാലോഡേ ?...പിന്നെ ഒരു കാര്യമുണ്ട്..നിന്റെ കാശൊക്കെ നീ കൊടുത്തോളണം..”
അയാൾ വണ്ടി അവർക്കരികിൽ നിർത്തി എന്തോ ചോദിച്ചു. പെണ്ണുങ്ങളിലൊരുത്തി കൈയിരുന്ന സഞ്ചി ഉയർത്തി കാണിച്ചു.
“മഹൂവാ പൂവിട്ട് വാറ്റിയതാ..നീയിങ്ങോട്ട് പിന്നിൽ വന്നിരിക്ക്. അവറ്റകൾ കയറിക്കൊട്ടെ” അയാൾ പറഞ്ഞു.
പെണ്ണുങ്ങൾ നിഷ്പ്രയാസം ലോറിയിലേക്ക് കയറി. രണ്ട് മെല്ലിച്ച പെണ്ണുങ്ങൾ. മൂത്തവൾക്ക് ഒരു 25 വയ്സ്സ് കഴിഞ്ഞിട്ടുണ്ടാവും . ഇളയവൾക്ക് കൌമാരപ്രായം കഴിഞ്ഞിട്ടില്ല. കടുകെണ്ണയുടെ നാറ്റം രണ്ടെണ്ണത്തിനും.
“ഒന്നൊതുങ്ങിയിരിക്കെഡേ..അവറ്റകളുമൊന്നിരുന്നോട്ടെ..” അയാൾ പറഞ്ഞു. അയാൾ പെണ്ണുങ്ങളോട് എന്തോക്കെയോ പറയുന്നുണ്ട്..ഏതാണീ ഭാഷ ? മൂത്തവൾ മറുപടിയെന്തോ പറഞ്ഞു ചിരിക്കുന്നു.അവളാണ് എന്നോട് ചേർന്നിരിക്കുന്നത്. ഇളയവൾ അതിനപ്പുറത്ത് പുറത്തേയ്ക്ക് നോക്കിയിരിക്കുന്നു.
“ നിനക്ക് അവരുടെ ഭാഷ അറിയില്ലാന്നാ ഞാൻ പറഞ്ഞത്..അപ്പോ അവള് ചോദിക്ക്യാ ഇതിനൊക്കെ എന്തിനാ ഭാഷാന്ന് ! ” , അയാൾ വീണ്ടും ചിരിച്ചു.
“ സ്വല്പം കൂടി പോയാൽ എന്റെയൊരു കൊട്ടാരമുണ്ട്. അവിടെ ചെന്നിട്ടാവാം അങ്കംവെട്ട്. അതുവരെ നീയവിടെയിരുന്ന് രസിച്ചോ “ അയാൾ കാബിനിലെ ലൈറ്റ് ഓഫാക്കി; മൂത്തവളോട് എന്തോ പറഞ്ഞു.
അയാൾ പറഞ്ഞതെന്താണെന്ന് എനിക്ക് താമസിയാതെ മനസ്സിലായി. അവളുടെ കൈകൾ എന്റെ തുടകൾക്ക് മുകളിലേക്ക് പതുക്കെ അരിച്ചു കയറുന്നു. എനിക്കെന്തോ ചളിപ്പാണ് തോന്നിയത്. ഇത്രയും പേർ അറികെ ഇതൊക്കെ ചെയ്യാൻ മാത്രം എന്റെ നാണം അസ്തമിച്ചിട്ടില്ല ! ഞാൻ രണ്ടു മൂന്നു തവണ അവളുടെ കൈ തട്ടി മാറ്റി. എന്നിട്ടും രക്ഷയില്ലെന്നായപ്പോൾ അവളുടെ തുടയിൽ ഒരു വലിയ നുള്ളു വെച്ചു കൊടുത്തു. ഒന്ന് ഞെട്ടിയ ശേഷം അവൾ ചിരിച്ചുകൊണ്ടെന്തോ അയാളോട് പറഞ്ഞു.
“എന്തിയേടാ ..നിനക്കവളെ പിടിച്ചില്ലേ ? ” , അയാൾ ചോദിച്ചു. “ചേച്ചിയായാലും അനിയത്തിയായാലും കാശൊക്കെ സെയിം തന്നെ” അയാളവളോട് വീണ്ടുമെന്തോ പറഞ്ഞു.
അവൾ എഴുന്നേറ്റ് ഇളയവളെ എന്റെ അരികിലേക്ക് നീക്കി അപ്പുറത്തിരുന്നു. ഒന്നു നോക്കി ചിരിച്ചതല്ലാതെ ഇളയവൾ മറ്റവളെപ്പോലെ വേണ്ടാതീനങ്ങളൊന്നും കാണിച്ചില്ല. എനിക്കും സമാധാനമായി.
അയാൾ വണ്ടി സ്ലോ ചെയ്ത് പെട്ടന്ന് ഒരു വള്ളിപ്പടർപ്പിലേക്ക് വളച്ചു. മുൻവശത്ത് മരച്ചില്ലകൾ നിറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്നറിയുന്നതിനു മുൻപേ , ഒരത്ഭുതം പോലെ മരങ്ങൾക്കിടയിൽ ഒരു ചരൽവഴി തെളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു.
“ ഇതാണ് എന്റെ കൊട്ടാരത്തിലേക്കുള്ള റോഡ് ” അയാൾ പറഞ്ഞു. പെണ്ണുങ്ങൾ സംശയത്തോടെ അയാളെ നോക്കി.
“പഹയാ.. ഈ ബൽബീറിന്റെ കൂടെ കൂടിയത് നിന്റെയൊരു ഭാഗ്യമാണെന്ന് കരുതിക്കോ..നാളെ കാലത്ത് ഭിലായിലിറങ്ങി നിൽക്കുമ്പോ ഇന്നലെ വരെ കണ്ടത് ഒരു സ്വപ്നമാണെന്ന് നിനക്കു തോന്നും ..ഈ വെലിയ കാടിന്റെ നടുക്ക് ഇങ്ങനെയൊരു കൊട്ടാരം ഒളിഞ്ഞ് കിടപ്പുണ്ടെന്ന് ഈ വഴി പോകുന്ന ഒരു തെണ്ടികൾക്കുമറിയില്ല..” വന്മരങ്ങളിൽനിന്ന് ഞാന്നു നിന്നിരുന്ന വള്ളികളിൽ ശ്രദ്ധിച്ച് വണ്ടിയോടിക്കുന്നതിനിടയിൽ അയാൾ പറഞ്ഞു.
“ദേഖോ..വോ ഹെ ഹമാരാ രാജ്മഹൽ ! ” ഒരു വളവ് തിരിഞ്ഞപ്പോൾ അയാൾ ചൂണ്ടി ദിശയിലേക്ക് ഞങ്ങൾ മൂന്നു പേരും നോക്കി. നിലാവിൽ, വലിയൊരു കൂൺ തിളങ്ങി നിൽക്കുന്നതുപോലെ ആ വെളുത്ത കെട്ടിടം മുന്നിൽ തെളിഞ്ഞു. അടുത്തെത്തിയപ്പോഴാണ് അതു തകർന്നു കിടക്കുന്ന ഒരു കെട്ടിടമാണെന്ന് മനസ്സിലായത്..ചിലയിടത്തൊക്കെ വള്ളിപ്പടർപ്പുകൾ മൂടി തുടങ്ങിയിരിക്കുന്നു.എങ്കിലും പഴയകാല പ്രൌഡി വിളിച്ചോതിക്കൊണ്ട് തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന എടുപ്പുകൾ പിന്നേയുമൂണ്ടായിരുന്നു.
“ദേഖോ മഹാജനോ..ഹം..തേരാ മഹാരാജ്….മഹാരാജ് ബൽബീർ ആ ഗയാ ഹെ ! ” വണ്ടിയിൽ
നിന്നിറങ്ങി, നടു നിവർത്തി രണ്ടും കൈകളും ഉയർത്തികൊണ്ട് ഒരു രാജാവിനെപ്പോലെ അയാൾ പറഞ്ഞു.
പെണ്ണുങ്ങളുടെ മുഖത്തും അത്ഭുതം തെളിഞ്ഞു നിന്നിരുന്നു.
“എടേ..നമുക്ക് ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നുന്നതെപ്പോഴാണ് ?” വണ്ടിയിൽ നിന്ന് പലചരക്കും സ്റ്റൌവും മണ്ണെണ്ണയുമൊക്കെ ഇറക്കിവെക്കുനതിനിടയിൽ അയാൾ ചോദിച്ചു.
“ നമ്മള് കുറെ കാലം അലഞ്ഞു തിരിഞ്ഞ് നമ്മുടെ വീട്ടിലെത്തുമ്പോഴാ നമുക്കേറ്റവും സന്തോഷം തോന്നുന്നത്. ” എന്റെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ അയാൾ തുടർന്നു., “ നിന്നെപ്പോലുള്ള
ചപ്രാസികൾക്ക് അതു പറഞ്ഞാ മനസ്സിലാവില്ല. ..വീ്ട്ടിലെത്തിയാ എല്ലാവരും വേണം.. പെണ്ണ്..പിള്ളേര്.. ”, അയാളൊന്നു നിർത്തി വീണ്ടും തുടർന്നു :“ ആജ് രാത്..യെ ഹെ ഹമാരാ ഗർ..യെ ഹെ ഹമാരാ ബീവി.. “ അയാൾ സ്റ്റൌവും കൈയ്യിൽ തൂക്കി നിന്നിരുന്ന മൂത്തവളെ ഒരു കൈ കൊണ്ട് ചേർത്തു പിടിച്ചു. “ യെ ഹെ ഹമാരാ ബേട്ടി ! ” അയാൾ ഇളയവളെ വലതുകൊണ്ട് പതുക്കെയൊന്നു തല്ലി.പിന്നെയെന്നെയൊന്ന് തറപ്പിച്ചു നോക്കി അയാൾ പൊട്ടിച്ചിരിച്ചു : “ തൂ ഹെ ഉൻ കാ ആദ്മി, ബദ്മാശ് ” എല്ലാവരും ചിരിച്ചു. പെണ്ണുങ്ങൾക്കും ഹിന്ദി മനസ്സിലാവുന്നുണ്ടെന്നുള്ളത് അപ്പോഴാണ് തിരിച്ചറിഞ്ഞത്
“എഡേ..നീയിവിടിരുന്ന് നാലാൾക്കുമുള്ള റൊട്ടി ചുട്..ഞങ്ങളൊന്ന് നായാടീട്ട് വരാം.. ഈ പെണ്ണുങ്ങൾ കാട്ടുജാതീപ്പെട്ടതാ..മുയലിനെയൊക്കെ ഇവറ്റ പുല്ലുപോലെ പിടിയ്ക്കും ”മുറികളിലൊന്നിലെ കരിയിലകൾ തൂത്തു കളഞ്ഞ ശേഷം, റാന്തൽ കൊളുത്തി വെച്ച് അയാൾ പറഞ്ഞു.
കമ്പുകൾ വെട്ടികൂർപ്പിച്ചുണ്ടാക്കിയ കുന്തങ്ങൾ അയാളിൽനിന്ന് ഏറ്റുവാങ്ങുമ്പോൾ പെണ്ണുങ്ങളുടെ കണ്ണുകൾ ആഹ്ലാദം കൊണ്ട് തിളങ്ങുന്നത് ഞാൻ കണ്ടു.
വിശപ്പ് നന്നെ മൂത്ത്, പരിപ്പുകറി കൂടി രണ്ട് റൊട്ടികൾ തിന്നാലോയെന്ന ആലോചന മുറുകിതുടങ്ങിയപ്പോഴാണ് അവർ തിരിച്ചെത്തിയത്. പക്ഷെ അവർ പിടികൂടിയ മൃഗങ്ങളെ കണ്ട് എന്റെ കണ്ണു തള്ളിപ്പോയി. അയാളുടെ തോളിൽ ഒരു കാട്ടുമുയൽ. മൂത്തവളുടെ കൈയ്യിൽ ഒരു മുള്ളൻപന്നി, ഇളയവളുടെ കൈയ്യിൽ പെരുച്ചാഴിയെപ്പോലെ തോന്നുന്ന രണ്ട് ജീവികൾ..
“നമുക്ക് മുയലിനെ പൂശാം..മറ്റുള്ളവയെ ഇവറ്റകള് കൊണ്ടുപോയ്ക്കോളും..” അയാൾ പറഞ്ഞു.
പെണ്ണുങ്ങൾ ചേർന്ന് മുയലിനെ പൊളിച്ച് കനലിൽ ചുട്ടെടുക്കാനുള്ള പുറപ്പാടിലായിരുന്നു. എന്തൊക്കെയോ പരസ്പരം പറഞ്ഞ് അവൾ ആഹ്ലാദത്തോടെ ചിരിച്ചു.
“ കണ്ടൊ കണ്ടൊ അവറ്റകൾടെ ഒരാഹ്ലാദം..ഇനി വേണമെങ്കിൽ നമ്മുക്കവർ ജീവൻ തരും ”, അയാൾ ചിരിച്ചു “ ഞാൻ പണ്ട് ഇങ്ങനെയൊന്നുമായിരുന്നില്ലെഡേ.. മറ്റെല്ലാ വണ്ടിക്കാരുടേയും പോലെ പെണ്ണിനെ കിട്ടിയാലുടൻ ക്യാബിനിലിട്ട് രണ്ട് പൂശ പൂശീട്ട് കാശും കൊടുത്ത് ഇറക്കി വിട്വായിരുന്നു എന്റേയും പതിവ്..അതിനിടയ്ക്കൊരു പറ്റ് പറ്റി..”
വെന്ത ഇറച്ചിയുടെ മണം മൂക്ക് വിടർത്തിയാസ്വദിച്ചുകൊണ്ട് അയാൾ തുടർന്നു. “ ഒരു ദിവസം പണി കഴിഞ്ഞെണിറ്റപ്പോൾ കൂടെ കിടന്നിരുന്ന പെണ്ണിനനക്കമില്ല. കുറെ കുലുക്കി നോക്കി. എവടെ ! നോ രക്ഷ. ഞാൻ പേടിച്ച് ഐസ് പോലെയായി.. അവസാനമിത്തിരി വെള്ളം തളിച്ചപ്പോ പെണ്ണ് കണ്ണു തുറന്നു. എണീറ്റ വഴിയ്ക്ക് ആ വെള്ളം മുഴുവൻ വാങ്ങിച്ച് കുടിച്ചു. അവസാനം ചോദിച്ചു പിടിച്ചു വന്നപ്പഴല്ലേ…ഈ പണ്ടാറങ്ങള് ആഴ്ച്ചയിൽ വല്ലപ്പഴുമൊക്കെയേ തിന്നാറുള്ളൂന്ന് !! ഭാഗ്യത്തിനന്ന് രണ്ട് ഉണക്കറൊട്ടിയുണ്ടായിരുന്നു വണ്ടീല്. അത് തിന്നപ്പഴാ പെണ്ണിന് ഒന്നെണീറ്റു നിക്കാനുള്ള ആവ്ദുണ്ടായത്. …അതില്പിന്നെ, ഇജ്ജാതി സാദനങ്ങൾക്ക് വയറ് നിറച്ചെന്തെങ്കിലും വാങ്ങിച്ചുകൊടുത്തിട്ടെ ഞാനീപ്പണിയ്ക്കു നിക്കൂ..”
“എഡേ..ക്യാബിന്റെ മുകളിൽ മടക്ക് കട്ടിലുണ്ട്..അതിങ്ങെടുത്തോ..” മുയലിറച്ചിയും റൊട്ടിയും സുഭിക്ഷമായി തിന്ന്, മഹുവാ ചാരായം അവരോടൊപ്പമിരുന്ന് നുണയുന്നതിനിടയിൽ അയാൾ പറഞ്ഞു. ചുവ ഇഷ്ടപ്പെടാഞ്ഞതു കാരണം ഞാനതു രണ്ടു കവിൾ മാത്രമെ കുടിച്ചുള്ളു.
അയാളതവിടെ നിർത്തിയിട്ട് കൊതുകുവല വിരിച്ചു. എനിക്കയാളുടെ ഒരുക്കങ്ങളിൽ അത്ഭുതം തോന്നി.പെണ്ണുങ്ങൾ പാത്രം കഴുകി വണ്ടിയിൽ കൊണ്ടു വച്ച് ഇനിയെന്താ ചെയ്യേണ്ടത് എന്ന മട്ടിൽ നോക്കി നിന്നു.
“അബ് ഹമാരാ ചാർപായി റെഡി….മേരി മഹാറാണി ആയിയേ..ആജ് ഹമാരാ രാത് ഹെ ! ” അയാൾ മൂത്തവളെ കൈപിടിച്ച് അരികിലേക്ക് ചേർത്തു. അവൾ ലജ്ജയോടെ അയാൾക്കരികിൽ ചെന്നിരുന്നു.അത്രയും ലജ്ജ ഞാനൊരു സ്ത്രീയുടെ മുഖത്ത് ആദ്യമായി കാണുകയാണ്.
“ എഡേ..നിനക്കിനിയിവിടെ കാര്യമൊന്നുമില്ല. ആ റാന്തൽ കെടുത്തി വണ്ടിയിൽ കൊണ്ടു വയ്ക്ക്. നീയെന്നിട്ട് ആ ക്യാബിനിൽ കെടന്നോ..ഷട്ടറിടാൻ മറക്കണ്ട. അല്ല ; നിനിക്കിനി ധൈര്യമുണ്ടെങ്ങെ കാട്ടിലെവിടെയെങ്കിലും പോയി കിടന്നോ..വെളുപ്പിനെണീറ്റ് വന്നാ മതി..”
കൈയ്യിൽ റാന്തലെടുത്ത് നടക്കാൻ തുടങ്ങിയപ്പോൾ അയാൾ പുറകിൽനിന്നു വിളിച്ചു.:
“ അരേ മൂർഖ്.. ”
ഞാൻ തിരിഞ്ഞു നിന്നു.
“ തേരെ ബീബി കൊ സാഥ് ലേ ജാവോ….ഓർ യെ ബി ലേ ജാവോ.. യെ ബഹുത്ത് സരൂരത്ത് ഹെ !”
അയാൾ ഒരു പൊതി കൈയ്യിൽ തന്നു.അവർ മൂന്നു പേരും ചിരിച്ചു.
അവൾ എന്നോടൊപ്പം വണ്ടിയിൽ കയറി. ഞാൻ ലൈറ്റിട്ട് അയാൾ തന്ന പൊതി എന്താണെന്ന് നോക്കി - നിരോധ് !!
അവൾ ചിരിച്ചു.
“ലൈറ്റ് ബന്ദ് കരേം സാബ് ?” അല്പസമയം കഴിഞ്ഞ് അവൾ ചോദിച്ചു.
ഞാനൊന്നും മിണ്ടിയില്ല.
അവൾ ലൈറ്റ് ഓഫ് ചെയ്തു.
നല്ല ഇരുട്ട്. വസ്ത്രങ്ങൾ ഉലയുന്ന ശബ്ദം.
“സാബ്…” അവളുടെ കൈകൾ ശരീരത്തിലിഴയാൻ തുടങ്ങുന്നു.
“കപ്പടാ ഉഥാരോ സാബ്..”
ഇരുട്ടിൽ ഞാൻ തപ്പി നോക്കി. അവളുടെ നഗ്നമായ തോളിലാണ് കൈ ആദ്യമെത്തിയത്. കൈകൾ താഴേക്കിറങ്ങി. വളർച്ചയെത്താത്ത താമരമൊട്ടുകൾ..ചെറിയ സമതലങ്ങൾ..പുൽമേടുകൾ..
അവൾ ചിരിച്ചു.
ഉവ്വ്. ഞരമ്പുകളിലെ രക്തയോട്ടം വർദ്ധിക്കുന്നുണ്ട്. ശ്വാസചലനം കൂടുന്നുണ്ട്. പക്ഷെ ഇനിയല്പം കഴിയുമ്പോൾ , ഇതിനെക്കാളൊക്കെ വേഗത്തിൽ മനസ്സിൽ മറ്റൊരു മുഖം പാഞ്ഞെത്തും. പിന്നെ മരിച്ചു വിറങ്ങലിച്ച ഒരു ശരീരം മാത്രമാവും. വേണ്ട..ഈ കൌമാരക്കാരിയുടെ മുന്നിലെങ്കിലും പുരുഷത്വം നിലനിൽക്കട്ടെ..
കൈ പിൻവലിച്ചു. പിന്നെ പതുക്കെ അവളുടെ കൈ എടുത്തുമാറ്റി.
“മുഛേ അഛാ നഹി ലഗ്ത്താ..തൂ ബഹുത് ചോട്ടി ഹെ” അപ്പോൾ മനസ്സിൽ തോന്നിയ ഒരു ന്യായം പറഞ്ഞു.
“ എനിക്കെല്ലാമറിയാം സാബ്..ഇതിനുമുൻപ് ഞാനെത്രയോ തവണ…” അവൾ തെറ്റില്ല്ലാതെ ഹിന്ദി സംസാരിക്കുന്നു !
“ എനിക്ക് ശരിയാവില്ല..” ഞാൻ ആവർത്തിച്ചു. “ നല്ല ക്ഷീണമുണ്ട്..ഉറക്കം വരുന്നു. നീയും ഇവിടെ കിടന്നുറങ്ങിക്കോ “
വസ്ത്രം ധരിക്കുന്നതിനിടയിൽ, ‘എല്ലാം സാബിന്റെ ഇഷ്ടം‘ എന്നു പറഞ്ഞതല്ലാതെ അവൾ തുടർന്നൊന്നും പറഞ്ഞില്ല. അവളുടെ ശബ്ദത്തിൽ, കിടക്കാൻ നേരത്ത് താല്പര്യമില്ലാത്ത ഒരദ്ധ്വാനം ഒഴിവായി കിട്ടിയ ആശ്വാസമുണ്ടെന്ന് തോന്നി.
ഒരു കൌമാരക്കാരിയോടൊപ്പം മുട്ടിയുരുമ്മികിടക്കുന്നത് സുഖകരമായിരുന്നില്ല. അവളാകട്ടെ കിടന്നു വഴിക്കു തന്നെ ഉറങ്ങി. അല്ലെങ്കിലും ഒന്നും നഷ്ടപ്പെടാനില്ലാത്തവർക്ക് എവിടെക്കിടന്നുറങ്ങാനും ഭയമെന്തിന് ! യാത്രയിലെ ക്ഷീണം മൂലം ഞാനും അധികം വൈകാതെ ഉറങ്ങിപ്പോയി.
കാലത്തെണീറ്റ് പുറകിലെ അരുവിയിൽ കുളികഴിഞ്ഞ് തിരികെയെത്തുമ്പോൾ പെണ്ണുങ്ങൾ അയാളോടെന്തോ കുശുകുശുക്കുന്നതു കണ്ടു.
“ എഡേ..ഇന്നലെ നീയിവളെ തൊട്ടില്ല്യാന്ന് പറയുന്നുണ്ടല്ലോ അവർ…മൂത്ത പന തന്നെ വേണ്ടിയിരുന്നെങ്കിൽ അതിന്നലെ പറയായിരുന്നില്ലേഡാ പോത്തേ ? ” അയാൾ ചോദിച്ചു.
രഹസ്യം വെളിപ്പെടുത്തിയ ദേഷ്യത്തോടെ ഞാനവളെ നോക്കി. അവൾ സഹതാപമോ കുറ്റബോധമോ ഒക്കെ കലർന്ന മട്ടിൽ എന്നെ തന്നെ നോക്കി നിൽപ്പാണ്. എനിക്കു പാവം തോന്നി.
“ എന്തെഡേ..മൂത്ത പനയൊന്ന് ചെത്തി നോക്കണാ ” അയാൾ ചോദിച്ചു
“ ഛെ.. അണ്ണനൊന്നു മിണ്ടാതിരുന്നേ..എനിയ്ക്കെങ്ങനെയെങ്കിലും ഭിലായിലെത്തിയാ മതീന്നേ ഇപ്പോ ചിന്തയുള്ളു..” ഞാൻ ശക്തമായി നിഷേധിച്ചു.
വള്ളിപ്പടർപ്പുകളിടയില്ലൂടെ വണ്ടി വീണ്ടും മെയിൻ റോഡിലേയ്ക്ക് കയറിയപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. അതിലൂടെ അങ്ങനെയൊരു വഴി നീണ്ടുപോകുന്നുണ്ടെന്ന് തോന്നുകയേയില്ല. സൂര്യനുദിച്ചു കഴിഞ്ഞിരുന്നില്ല. റോഡ് വിജനമായിരുന്നു. ഉറക്കം തൂങ്ങിയ ചില ചരക്കുലോറികൾ മാത്രം എതിരെ ഇടയ്ക്ക് കടന്നു പോയ്ക്കൊണ്ടിരുന്നു. അയാളും പെണ്ണുങ്ങളും തമ്മിൽ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. അവർ എനിയ്ക്കു ചുറ്റും ഒരു രഹസ്യലോകം സൃഷ്ടിക്കുകയാണെന്ന് തോന്നി. ഒരു ചെറിയ കവലയിലെത്തിയപ്പോൾ അയാൾ വണ്ടി നിർത്തി. ദൂരെ ഒരു ചായപ്പിടികയിൽ നിന്ന് പുകയുയരുന്നുണ്ട്.
അയാൾ പെണ്ണുങ്ങൾക്ക് കുറച്ചു നോട്ടുകളെടുത്തു നീട്ടി. അവർ വാങ്ങിക്കുന്നില്ല. എന്തൊക്കെയോ തർക്കങ്ങൾ .. അവർക്ക് കാശ് പോരായിരിക്കും. എനിക്ക് താല്പര്യം തോന്നിയില്ല. തർക്കത്തിനൊടുവിൽ നൂറ് രൂപയേ അവർക്ക് കൊടുത്തുള്ളുവെന്ന് തോന്നി. പിന്നീടയാൾ ഡാഷ് ബോർഡിൽ നിന്ന് മുത്തുമാലകളോ മറ്റോ ചെറിയ പെണ്ണിന് കൊടുക്കുന്നതും കണ്ണീരോടെ അവളത് വാങ്ങുന്നതും കണ്ടു. പിന്നെ പെണ്ണുങ്ങൾ യാത്ര പറഞ്ഞിറങ്ങി, റോഡിനപ്പുറത്തേയ്ക്ക് നടന്നു.
ഞാൻ അയാളെ നോക്കി. അയാളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.
ഇയാളൊരു വല്ലാത്ത മനുഷ്യൻ തന്നെ !
“ അവളങ്ങനെ യാത്ര പറഞ്ഞിറങ്ങുമ്പോൾ ഞാനെന്റെ ലച്മിയെ ഓർത്തു പോയി” അയാൾ പറഞ്ഞു.
“ എഡേ.. അവരന്തസ്സുള്ളവരാ.. നിന്റെ കാശ് ഞാനെത്ര നിർബന്ധിച്ചിട്ടും അവര് വാങ്ങിച്ചില്ല. അല്ലെങ്കിലും ആ കുട്ടി എന്തോരമുണ്ട് ! ..അല്ലെങ്കിലുമെനിക്കറിയാം..നീയെന്നെപോലെ ഒരു മനസ്സാക്ഷിയൊള്ളോനാന്ന്.. ഞാനിപ്പോ ചെറിയ പെമ്പിള്ളേര്ടെ കൂടെ കിടക്കാറില്ല..എന്താന്നറിയോ ? നമ്മളീ വഴിക്കൊക്കെ വരാൻ തുടങ്ങിയിട്ട് പത്തിരുപത് കൊല്ലമായി..അന്നൊന്നും ഈ ഒറയുടെ പരിപാടിയൊന്നുമില്ല.. എങ്ങാനും അന്ന് പാവിയ വിത്താണൊ നമ്മുടെ മുമ്പില് മുളച്ച് നിക്കുന്നതെന്നറിയില്ലല്ലൊ.. അങ്ങനെയെന്തെങ്കില്ലും ചെയ്താ അതിലും വലിയ പാപമുണ്ടോ ?”
അയാൾ ഇരുകൈയ്യും കവിളിൽ മൃദുവായടിച്ചു. “ എഡേ..നിനക്കൊരു കാര്യമറിയണോ..അതുങ്ങള് ചേച്ചിയുമനിയത്തിയൊന്നുമല്ല..അമ്മയും മോളുമാ..നക്സലൈറ്റുകളാന്നു പറഞ്ഞ് അവറ്റകളുടെയൊക്കെ ആണുങ്ങളെ പോലിസ് പൊക്കി..പൊലീസും അതു കഴിഞ്ഞ് ജമീന്താരുടെ കൂലിപട്ടാളോം കേറിയിറങ്ങിയപ്പോ അവടത്തെ പെണ്ണുങ്ങളെല്ലാം ഈ അവസ്ഥേലുമായി..നമ്മള് കാണുന്നതൊരു ലോകം..അതിന്റെയപ്പുറത്ത് മറ്റൊരു ലോകം…”
ഞാനൊന്നും മിണ്ടിയില്ല. ആ പെണ്ണിനെ തൊടാതെ വിട്ടതിൽ ഇപ്പോൾ ഒരു ചെറിയ സന്തോഷം തോന്നുന്നുണ്ട്.
ചായ കുടിച്ച് വണ്ടിയിൽ കയറുന്നതു വരെ അയാൾ അധികമൊന്നും മിണ്ടിയില്ല.വണ്ടി നഗരത്തിലേക്കെത്തുന്നതിന്റെ ചെറിയ ലക്ഷണമൊക്കെ കണ്ടു തുടങ്ങി.
“എനിയ്ക്കിടയ്ക്ക് തോന്നും ഞാനൊരു ദേശാടനക്കിളിയാന്ന്..എഡേ..നിനക്കറിയാമോ..എനിക്കിങ്ങനത്തെ പത്ത് ലോറികളുണ്ട്. വീട്ടിൽ പത്തമ്പത് മാടുകളുണ്ട്. ഒരു പലചരക്ക് കടയുണ്ട്….സത്യം…കാർന്നോര്ക്ക് മൂന്ന് വണ്ടിയുണ്ടായിരുന്നു..എന്നിട്ടും മെട്രിക്കുലേഷൻ കഴിഞ്ഞപ്പോ എനിക്കൊരു പൂതി..ഈ ലോകമൊക്കെ കാണണംന്ന്..അന്നെറങ്ങിയതാ റോഡിലേയ്ക്ക്…കൊല്ലത്തിൽ ഒരു അഞ്ചാറുമാസം മാത്രേ വീട്ടിലെത്താറുള്ളു എന്റെ മൂത്തമോൻ എഞ്ചിനീയറാ.. സത്യത്തിൽ എനിക്കീ വണ്ടികളുടെ കാര്യമൊക്കെ നോക്കി വീട്ടിലിരുന്നാ മതി.. പക്ഷെ രണ്ട് മൂന്ന് മാസം വീട്ടിലിരിയ്ക്കുമ്പോഴേയ്ക്കും എനിക്ക് ശ്വാസം മുട്ടി തുടങ്ങും . പിന്നെ വണ്ടീമെടുത്തിറങ്ങിയാലേ അത് അവസാനിക്കുകയുള്ളു. ഇതുകൊണ്ടൊക്കെ തന്നെ ഞാനങ്ങനെ എടുത്തോ പിടിച്ചോ ന്നൊള്ള ലോഡുകളൊന്നും എടുക്കാറില്ല. ആളുകളേം ലോകവും കണ്ട്.. രാത്രി നല്ലോണം കിടന്നുറങ്ങി, ഇടയ്ക്കിങ്ങനെ ഓരോ അന്തിക്കൂട്ട് സംഘടിപ്പിച്ച്…ധൃതിയില്ലാത്ത ഒരു കപ്പൽ പോലങ്ങനെ… കൊള്ളക്കാരുടെ ഇടയിൽക്കൂടി പത്തറുപത് കിലോമീറ്റർ വണ്ടിയോടിച്ച് പുറത്തെത്തുമ്പോഴുള്ള സുഖം വീട്ടിലിരുന്ന് ടി. വി. കണ്ടാൽ കിട്ടുമോഡേ ?”
എനിക്കത്ഭുതം തോന്നി. ഇയാൾ ശരിക്കുമൊരു വിചിത്രമനുഷ്യൻ തന്നെ !
വണ്ടി നഗരത്തിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു. റോഡിൽ ,സ്കൂളിൽ പോകുന്ന കുട്ടികളും യാത്രക്കാരും വാഹനങ്ങളും നിറഞ്ഞു തുടങ്ങിയിരുന്നു. അയാൾ ഒഴിഞ്ഞ ഒരിടം നോക്കി വണ്ടി നിർത്തി.
“അപ്പോ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ.. ഇനി കുറച്ച് കൂടി മുന്നോട്ട് പോയിട്ട് ഇടത്തോട്ട് കുറച്ചു നടന്നാ ഒരു വലിയ ഗേറ്റ് കാണും. അതിന്റെ ലെഫ്റ്റിലൂടെ താഴേക്കിറങ്ങിയാ കാന്റീനിലെത്തും. അവിടെ ചെന്ന് ടിക്കാറാം ന്ന് പറഞ്ഞ് ഒരുത്തനെ അന്വേഷിക്ക..അവനോട് കാര്യമൊക്കെ പറയുക. പിന്നെയൊക്കെ അവൻ ശരിയാക്കി തന്നോളും.”
ചെയ്ത ഉപകാരത്തിനു നന്ദിയൊക്കെ പറഞ്ഞ് ഞാൻ യാത്ര പറഞ്ഞിറങ്ങി. പെട്ടന്നയാൾ പുറകിൽ നിന്നു വിളിച്ചു.
“എഡേ..നിൽക്ക്..ഞാൻ നിന്റെ കൂലി തന്നില്ല്ലല്ലോ..” ,അയാൾ മൂന്ന് നൂറിന്റെ നോട്ടെടുത്ത് നീട്ടി.
“ ഇന്നാ..ഒട്ടും കൂടുതലുമില്ല കുറവുമില്ല”
അപരിചിതമായ ഒരു ദേശത്തു ചെന്നവന് എത്ര പണവും അനാവശ്യമായി തോന്നില്ല. അതുകൊണ്ട് കാര്യമായി നിഷേധിക്കാൻ നിൽക്കാതെ ഞാനതു വാങ്ങി.
“ഇനി ആ കൈയ്യൊന്ന് നീട്ടിയേ.. കണ്ണടച്ച് പിടിയ്ക്ക്…ഒരുത്തനെ ശിക്ഷ്യനായി സ്വീകരിച്ചാൽ അപ്പോ ഞാനിതു കൊടുക്കും “
ഞാൻ കണ്ണടച്ചു. കൈയ്യിൽ അധികം ഭാരമില്ലാത്ത ഒരു കടലാസ് പൊതി അയാൾ വെക്കുന്നതറിഞ്ഞു.പിന്നീടയാൾ എന്റെ വിരലുകൾ മടക്കി.
പണമായിരിക്കണം, ഞാൻ കരുതി. എത്ര നല്ല മനുഷ്യൻ !
“കണ്ണു തുറന്നോ ” അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തു. “ഈ സമ്മാനം ഓരോ തവണ കാണുമ്പോഴും ഈ ബൽബീറിനെ നീയോർക്കും.അപ്പോ ശരിയെഡേ…ഇനിയെന്നെങ്കിലും കാണാം”
അയാളുടെ മുഖത്ത് ഒരു ചിരി മിന്നിമറഞ്ഞു. വണ്ടി നീങ്ങിതുടങ്ങിയിരുന്നു.
ഞാൻ മുഷ്ടി തുറന്നു നോക്കി. ചുരുട്ടി മടക്കിയ കടലാസിനുള്ളിൽ കവർ പൊട്ടിക്കാത്ത ഒരു കോണ്ടം !!
അയാളുടെ മുഴക്കമുള്ള ചിരി ചുറ്റും മുഴങ്ങുന്നുണ്ടെന്ന് എനിക്കു തോന്നി. വണ്ടി കാണാമറയത്ത് എത്തിക്കഴിഞ്ഞിരുന്നു. അയാളുടെ ഒരു സമ്മാനം ! അയ്യട..ഞാനും ചിരിച്ചു.അത് ഭദ്രമായി മടക്കി ബാഗിനുള്ളിൽ വച്ചു.
തിരക്കേറിയ നഗരവീഥികളിൽ കൂടി നടക്കുമ്പോൾ, മറ്റേതോ സ്വപ്നലോകത്തുനിന്ന് പെട്ടന്ന് ജനസമുദ്രത്തിൽ വീണൊഴുകി നടക്കുന്ന ഒരു കരക്കപ്പലാണ് ഞാനെന്ന് തോന്നി – ഒരു തുറയിൽ നിന്ന് മറ്റൊരു തുറയിലേക്ക് അലസമായൊഴുകുന്ന കരക്കപ്പൽ.