അനുഭവങ്ങൾ പലരുടേതുമാകാം. പക്ഷെ കഥ പറയുമ്പോൾ അത് ഉത്തമപുരുഷന്റേതു മാത്രമാകുന്നു

തിങ്കളാഴ്‌ച, നവംബർ 18, 2013

അസുലഭ നിമിഷം







പ്രകാശനത്തിനു തലേന്ന്, പങ്കെടുക്കും എന്ന് ഉറപ്പ് നൽകിയവരുടെ കണക്കെടുത്തപ്പോൾ,  25 – 30 പേരിലെത്തി ലിസ്റ്റ് അവസാനിച്ചു. ചങ്ങാതി ബിനോയിക്കും  അച്ഛനും  ഒപ്പം ഫ്രൈഡേ ക്ലബ്ബ് ഹാളിനു മുമ്പിൽ കാലത്ത് പതിനൊന്ന് മണിക്ക് വണ്ടിയിറങ്ങുമ്പോൾ, ആദ്യമെത്തിയതിന്റെ ‘ക്രെഡിറ്റ്’ ഞങ്ങൾക്കായി.   പിന്നെയല്പം കഴിഞ്ഞപ്പോൾ കൈയ്യിൽ ഫ്ലക്സുമായി തീവണ്ടി ഡ്രൈവർ സിയാഫ് ഭായ്. പിന്നാലെ മനോരാജും യൂസഫ് ഇക്കയും എത്തി.   ഹാളിലെ സൗകര്യങ്ങളെല്ലാം ഒരുക്കി തന്നത് ഒരു ‘ചേട്ടനാ’ണ് ( എന്താണാവോ ചേട്ടന്റെ പേര് ? മേശവിരിപ്പ് തൊട്ട്, അതിഥികൾക്കുള്ള കുപ്പി വെള്ളം വരെ എത്തിച്ചത് ചേട്ടനാണ്. ആ  ചേട്ടന്റെ  പേര് സ്നേഹമെന്നല്ലാതെ എന്താവും ?). പിന്നെ ദാ വരുന്നു പത്രക്കാരനും (ജിതിനും ) തിരിച്ചിലാനും  ( ഷബീർ ). ഒപ്പം സോണിയും മകനുമെത്തി. അതിനിടയ്ക്ക് പുസ്തകങ്ങൾ വില്പനയ്ക്കു നിരത്തി. ദേഹാന്തരയാത്രകളും ആപ്പിളും കഥമരവും താഴെ തന്നെ പൂട്ടി വച്ചു. പ്രകാശനം നടക്കുമ്പോഴേ അതാതു പുസ്തകങ്ങൾ മേശപ്പുറത്തു പൊന്തി വരാവൂ അത്രേ. മനോരാജിന്റെ ഓരോ തന്ത്രങ്ങൾ..

പിന്നെ ദാ ഓരോരുത്തരായി. വരാമെന്ന്  നേരിട്ട് ഉറപ്പു നൽകിയവരിൽ, നിഷ ദിലീപും കൃഷ്ണപ്രസാദും നേരത്തേ തന്നെ എത്തിയവരിൽ പെടുന്നു. പിന്നെ വിശിഷ്ടാതിഥികൾ,  കൃതി – കഥാ മത്സര സമ്മാനർഹർ, കഥമരത്തിലെ രചയിതാക്കൾ, അവരുടെ കുടുംബാംഗങ്ങൾ, എല്ലാവരേയും അതിശയിപ്പിച്ചു കൊണ്ട് സാക്ഷാൽ സുസ്മേഷ് ചന്ദ്രോത്ത്. അദ്ദേഹത്തെയടക്കം  പലരേയും പരിചയപ്പെട്ടു.  3.15 നു ചടങ്ങ് തുടങ്ങിയപ്പോൾ ഇരിപ്പ് പതുക്കെ  മുൻനിരയിലേക്കാക്കി. ഇടയ്ക്കൊന്ന് തിരിഞ്ഞു നോക്കുമ്പോൾ, ഓഷ്വിറ്റ്സിന്റെ പോരാളി,അരുൺ ആർഷയുൾപ്പെടെയുള്ളവരുടെ നിറഞ്ഞ സദസ്സ്. അവരിൽ ആർ എസ് കുറുപ്പു സാറിനെ പോലുള്ള പ്രഗത്ഭരുമുണ്ടായിരുന്നു എന്ന് പിന്നീടാണറിഞ്ഞത്.

 ഓൺലൈൻ മീറ്റിനിടയ്ക്ക് പുസ്തകപ്രകാശനം നടക്കുമ്പോൾ രണ്ട് തരത്തിലുള്ള പരാതികൾ ഉണ്ടാവാറുള്ളതായി അനുഭവമുണ്ട്. പ്രകാശനത്തിനു വേണ്ടത്ര പൊലിമ കിട്ടിയില്ല എന്ന് പുസ്തകവുമായി ബന്ധപ്പെട്ടവർക്കു  നിരാശപ്പെടുമ്പോൾ, പ്രകാശനക്കാർ തങ്ങളുടെ സമയം അപഹരിച്ചു  എന്നായിരിക്കും ആ ചടങ്ങിൽ  താല്പര്യമില്ലാത്തവരുടെ പരാതി. വിശേഷിച്ചും, പ്രകാശന ചടങ്ങുമായി ബന്ധപ്പെട്ടവർ, സമയബോധമുൾക്കൊള്ളാതെ നെടുനീളൻ പ്രസംഗങ്ങൾ കാഴ്ച്ച വെക്കുമ്പോൾ. എന്നാൽ, 16 – 11 – 2013 എന്ന ദിവസവും കലൂർ ഫ്രൈഡേ ക്ലബ്ബ് ഹാളും അന്നവിടെ സന്നിഹിതരായവരുടെ ഓരോരുത്തരുടെയും മനസ്സിൽ തങ്ങി നിൽക്കുന്നത്, ചുരുങ്ങിയ സമയത്തിനുള്ളിൽ, ശ്രീ എം കെ ഹരികുമാർ സാറും ശ്രീ ബഷീർ മേച്ചേരിയും ശ്രീ രവിവർമ്മ തമ്പുരാനും ശ്രീ സുസ്ന്മേഷ് ചന്ദ്രോത്തും   ശ്രീ സോക്രട്ടീസ് വാലത്തും ശ്രീ മനോജ് രവീന്ദ്രനുമെല്ലാം           ( നിരക്ഷരൻ ) സൃഷ്ടിച്ച  വാങ്മയപ്രപഞ്ചം കൊണ്ടായിരിക്കും. കഥയെ കുറിച്ചും എഴുത്തിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം  ഒന്നിനൊന്ന് വ്യതിരിക്തമായ ചിന്താധാരകൾ, ഓരോ എഴുത്തുകാരനിലും ഉണർവിന്റെ സ്ഫുലിംഗങ്ങൾ പടർത്തിയിട്ടുണ്ടാവും.

 ഉദ്ഘാടനത്തിനും പുരസ്ക്കാര സമർപ്പണത്തിനും  കഥമരത്തിന്റെ പ്രകാശനത്തിനും ശേഷം, ദേഹാന്തരയാത്രകളുടെ പ്രകാശനം. അഭിമാന നിമിഷം എന്നൊക്കെ പറയുമ്പോഴും, പ്രകാശനം നിർവഹിച്ച എം കെ ഹരികുമാർ സാറിനും പുസ്തകം ഏറ്റുവാങ്ങിയ ബഷീർ മേച്ചേരി സാറിനും  ഇടയിൽ, ‘യാത്ര’കളുടെ പുസ്തകരൂപത്തിന്റെ പുറകിൽ നിൽക്കുമ്പോൾ, എന്തൊക്കെയോ ഉത്കണ്ഠകളുടെ പാരമ്യത്തിലായിരുന്നു മനസ്സ്. ഹരികുമാർ സാർ  ചിരിച്ചു കൊണ്ടെന്തോ ചോദിച്ചു. ചുണ്ടിലൊരു ചിരി വരുത്തി മറുപടിയും പറഞ്ഞു. അതിനു പിന്നാലെ, ഓതേഴ്സ് കോപ്പി ശ്രീ സുസ്മേഷ് ചന്ദ്രോത്തിൽ നിന്ന് ഏറ്റു വാങ്ങാനുള്ള ഭാഗ്യവുമുണ്ടായി.












“സന്തോഷിക്കൂ.. എന്തൊക്കെയോ ആകസ്മികതകളുടെ ആകെത്തുകയാണ് ജീവിതം” പ്രാന്തി പപ്പി ഉള്ളിലിരുന്ന് ചിരിക്കുന്നുണ്ട്.  

അതെ. ആഹ്ലാദിക്കുക തന്നെയാണ്.

ദേഹാന്തരയാത്രകൾക്ക് ജീവൻ പകർന്ന അംജത്തിനൊപ്പം, ഗ്രന്ഥരൂപം നൽകിയ ‘കൃതി’ക്കും കൃതിയിലെ മനോരാജിനും  ഒപ്പം, അന്നവിടെ മനസ്സു കൊണ്ടും ശരീരം കൊണ്ടും സന്നിഹിതരായവർക്കൊപ്പം
. അന്നും അതിനു മുമ്പും ‘യാത്ര’യിലെ അക്ഷരങ്ങൾക്കൊപ്പം സഞ്ചരിച്ചവർക്കൊപ്പം, ഇനിയും  സഞ്ചരിക്കാനിരിക്കുന്നവർക്കൊപ്പം..

ആഹ്ലാദിക്കുക തന്നെയാണ്..

‘ആപ്പിളി’ന്റെ പ്രകാശത്തിൽ തിളങ്ങുന്ന സിയാഫ്ഭായ്ക്കൊപ്പം, ‘കഥമര’ത്തിന്റെ തണലിൽ കൂട്ടം ചേരുന്നവർക്കൊപ്പം..

എല്ലാവർക്കും  നന്ദി..


വെള്ളിയാഴ്‌ച, നവംബർ 15, 2013

ദേഹാന്തരയാത്രകൾ







പുരുഷൻ ഏതു പ്രായത്തിലാണ് സ്ത്രീയിലെ അമ്മയേയും സഹോദരിയേയും സുഹൃത്തിനേയും ദേവിയേയുമെല്ലാം കണ്ടെത്തുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഉണ്ടെന്ന്  കരുതുന്നില്ല.. എന്നാലോ,  അവളെ ശരീരമായി മാത്രം കാണുന്ന ഒരു വളർച്ചാഘട്ടം അവന്റെ ജീവിതത്തിലുണ്ട് എന്നത് നഗ്നമായ, പച്ചയായ പലരും തുറന്ന് സമ്മതിക്കാൻ മടിക്കുന്ന ഒരു സത്യം മാത്രവും.( ആ പരിസരങ്ങളിൽ ചുറ്റിപ്പറ്റി നിന്ന് വളർച്ച മുരടിച്ചു പോയ പുരുഷമനസ്സുകളെയും നാം കാണാറുണ്ടല്ലൊ.). അത്തരം കാഴ്ച്ചകൾ, അല്ലെങ്കിൽ ഫാന്റസികൾ പറയാൻ ശ്രമിച്ചാൽ എന്തായിരിക്കും പ്രതികരണം എന്നറിയാൻ എന്റെ വിഡ്ഡി മനസ്സിൽ ഒരാഗ്രഹമുണ്ടായി. അതൊരു മണ്ടൻ തീരുമാനമോ ആശയമോ ആകാം എന്നുള്ളതുകൊണ്ട്, ഒരു വിഡ്ഡിമാനല്ലാതെ ആർക്കാണത് പറയാൻ കഴിയുക എന്നൊരു ചിരി ഒപ്പം ഉള്ളിൽ വിരിഞ്ഞു. ബ്ലോഗ് ലോകം തന്നെയായിരിക്കണം അവതരണവേദി എന്ന് തീരുമാനിക്കുന്നത്, പേരോ പദവിയോ  അന്വേഷിക്കാതെ, പണ്ഡിതനോ പാമരനോ എന്ന് വേരുകൾ തേടി പോകാതെ, ചുമരിന്മേൽ പന്തടിച്ചതു പോലെ ‘കമന്റു’കൾ ഉയരുന്ന ബൂലോക ചടുലത തിരിച്ചറിഞ്ഞതു കൊണ്ടു കൂടിയായിരുന്നു. ഞങ്ങൾ തൃശ്ശൂർക്കാർ പുനരുജ്ജീവിപ്പിച്ച ‘വെടി’യുടെ നാനാർത്ഥം  അരയിലണിഞ്ഞ്,  ‘വെടിക്കഥകൾ’ സൈബർമുറ്റത്ത്  പിറന്നു പിച്ച വെക്കുന്നത് അങ്ങിനെയാണ്.

കേരളത്തിനു പുറത്ത് ജീവിച്ചോ സഞ്ചരിച്ചോ പരിചയമില്ലാതിരുന്നതുകൊണ്ട്, ഉത്തമപുരുഷന്റെ പശ്ചാതല വിവരണങ്ങൾക്ക് വളമായുപയോഗിച്ചത് കേട്ടറിവുകളും ഭാവനയുമായിരുന്നു. ചിലയിടത്ത് ഗൂഗിളിന്റെ സഹായവും ഉപയോഗപ്പെടുത്തി
.  തെലുങ്കും ഗുജറാത്തിയുമെല്ലാം പറഞ്ഞു തന്നത് ചില സുഹൃത്തുക്കളാണ്. നോവലെന്നോ കഥകളെന്നോ ലേബൽ ചെയ്യാതെ, ഒരു ഒഴുക്കിലങ്ങനെ എഴുതിപോകവെ ഒരതിശയം !. ‘ശരീരങ്ങളുടെ തെരുവിൽ’ എന്ന അദ്ധ്യായത്തിന്/കഥയ്ക്ക് ‘കൂട്ടം’  എന്ന സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റ് നടത്തിയ കഥാ മത്സരത്തിൽ രണ്ടാം സമ്മാനം !

പിന്നീട് വായനക്കാരിൽ ചിലർ ഇത് പുസ്തകമാക്കണം എന്ന് അഭിപ്രായപ്പെട്ടപ്പോൾ ‘ഉം..ഉം.. കേട്ട്ണ്ട്.. കേട്ട്ണ്ട്’ ഇന്ന് ‘മ്മടെ ഇന്നച്ചൻ’ സ്റ്റൈലിൽ ചിരിക്കുകയായിരുന്നു പതിവ്. പക്ഷെ, ഓൺസ്ക്രീൻ അക്ഷരങ്ങൾ സമ്മാനിച്ച പ്രിയസുഹൃത് അംജദ്ഖാൻ, അങ്ങനെയൊരു നിർബന്ധത്തിന്റെ പുറത്ത് നേരിട്ട് കാണാനെത്തിയപ്പോൾ, അത്ഭുതങ്ങളുടെ കാലം അവസാനിച്ചിട്ടില്ല എന്ന് ബോധ്യപ്പെട്ടു. പിന്നീടാണ് ചില പ്രസാധകരെ സമീപിക്കുന്നത്. സദാചാരത്തിന്റെ വൃത്തമുദ്ര ചാർത്തി അവരെല്ലാം അത് മാറ്റി വെക്കുകയാണ് എന്ന ആശ്ചര്യം, പതിയെ നിരാശയിലേക്ക് വഴി മാറി കൊണ്ടിരിക്കുമ്പോഴാണ്  കൃതി ബുക്സ് സധൈര്യം മുന്നോട്ടു വരുന്നത്.
അപ്പോഴും കടമ്പകൾ ഏറെയായിരുന്നു. പുസ്തകമാകുമ്പോൾ കാറ്റഗറൈസ് ചെയ്യപ്പെടേണ്ടേ? ഇത് കഥയാണോ? നോവലാണോ? അതോ ഒരു കഥാപാത്രത്തിന്റെ ദിനസരിക്കുറിപ്പാണോ? ആദ്യമേ എനിക്കുണ്ടായ സംശയം വീണ്ടും തലപൊക്കി. ഇത് ഒരു നോവൽ ഭൂമികയാണെന്നും അതിനുള്ള സാധ്യത ഇതിനുണ്ടെന്നും പ്രസാധകർ അവകാശപ്പെട്ടു. അപ്പോൾ വീണ്ടും പ്രശ്നം . ഒരു നോവലിനെങ്ങിനെ കഥകൾ എന്ന പേരിടും..? പുതിയ ഒരു പേരായി പിന്നെ ചിന്ത..  ഒടുവിൽ ദേഹാന്തരയാത്രകളിൽ എത്തിച്ചേർന്നു.

വെടിക്കഥകളിൽ നിന്നും ദേഹാന്തരയാത്രകളിലേക്കുള്ള ഈ യാത്രയിൽ താങ്ങായും കൂട്ടായും നിന്ന ഒട്ടേറെ പേരുണ്ട്.  യാതൊരു മുൻപരിചയവുമില്ലാതിരുന്നിട്ടും , കേവലം  ഒരു  ഇ-മെയിൽ അഭ്യർത്ഥനയുടെ പുറത്ത് , തിരക്കുകൾക്കിടയിലും ഒരു വായനയ്ക്ക് തയ്യാറാവുകയും ദേഹാന്തരയാത്രകളുടെ ആത്മാവ് തൊട്ടറിഞ്ഞ് അവതരിപ്പിക്കുകയും  ചെയ്ത രവി വർമ്മ സർ, കവറിനും ചിത്രങ്ങൾക്കും തൂലിക ചലിപ്പിച്ച സുധീഷ് കൊട്ടീമ്പ്രം, ഊർജ്ജം പകർന്ന് ഒപ്പം നടക്കുന്ന അംജദ്, മറ്റ് ഓൺലൈൻ ചങ്ങാതിമാർ, വായനക്കാർ ഇവരോടൊക്കെ എങ്ങിനെ നന്ദി അറിയിക്കണമെന്ന് അറിയില്ല. വാക്കുകൾക്കതീതമാണത്.

കഥകൾ പറഞ്ഞും പാത്രങ്ങളായി  പകർന്നാടി രസിപ്പിച്ചും ജീവിതസഞ്ചാരം  അവിസ്മരണീയമാക്കിയ എല്ലാ മനുഷ്യമഹാജന്മങ്ങൾക്കും ഈ യാത്രാപുസ്തകം സമർപ്പിക്കട്ടെ..


പ്രകാശന ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.


ചൊവ്വാഴ്ച, ഓഗസ്റ്റ് 28, 2012

12. നാറി..നാറി..പരമനാറി..




                                                     12. നാറി..നാറി..പരമനാറി..


ജീവിതം മറ്റൊരു താളത്തിൽ ഒഴുകി തുടങ്ങുകയാണ്. വാരാന്ത്യങ്ങളിലെ ഒഴിവുദിനങ്ങൾക്ക് ദൈർഘ്യം കുറഞ്ഞതു പോലെ.. ചില വൈകുന്നേരങ്ങളിൽ മാഷുടെ ലൈബ്രറിയിൽ ചെന്നിരുന്ന് വായിക്കും..വായിക്കുന്ന ശീലം അമ്മയിലേക്കും കുത്തി വച്ചിരുന്നു മാഷ്.. ചിലപ്പോൾ മൂന്നു പേരും വായിച്ച പുസ്തകത്തെ കുറിച്ച് ചർച്ച നടക്കും.. വല്ലപ്പോഴും മൂവരും കൂടി സിനിമയ്ക്ക് പോകും..

വയനാട്ടിലെത്തിയാലാണ് പാട്.. ബിനീഷിന്  മുഖം കൊടുക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കാറുണ്ടെങ്കിലും ഇടയ്ക്ക് മുന്നിൽ ചെന്നു പെടും.. കല്പറ്റയിലേക്ക് ട്രാൻസ്ഫർ ചോദിച്ചു വാങ്ങി ജോസ് സാർ  രക്ഷപ്പെട്ടു. അല്ലെങ്കിലും, ആർക്കാണ് കൂടെ കിടന്ന പെണ്ണിനെ കൂട്ടുകാരൻ ഭാര്യയാക്കി വീട്ടിലേക്കു കൊണ്ടു വരുമ്പോൾ മുഖം കൊടുക്കാനാവുക ?

പതിവുപോലെ ഒരു ഞായറാഴ്ച്ച.. പഴയ ഓർമ്മകൾ പുതുക്കി എം.ജി റോഡിലൂടെ വെറുതെയങ്ങനെ നടക്കുകയായിരുന്നു... പെട്ടന്നാണ് ഒരു കാർ മുന്നിൽ കയറി വന്ന് ബ്രേക്കിട്ടത്..ഇറങ്ങി വരുന്ന ആളെ മനസ്സിലാക്കാൻ രണ്ടു മിനിറ്റെടുത്തു – സുബൈർ !! സ്വല്പം തടിച്ചിട്ടുണ്ട്..

“പന്നീരെ മോനെ..നീ ചത്തു പോയിട്ടുണ്ടാവുമെന്നാണല്ലൊ വിചാരിച്ചിരുന്നിരുന്നത്..!” അവൻ ഇരു തോളിലും പിടിച്ച് ഞെരിച്ചു.

“ ആരാ...എന്താ..മനസ്സിലായില്ല്യല്ലാ..” ഞാൻ ചിരിച്ചു.

“ വാ..കേറ്..” അവൻ കൈ പിടിച്ചു വലിച്ചു.

“ എവ്ട്യായിരുന്നു നീ ഇത്രേം കാലം?” വണ്ടി നീങ്ങി തുടങ്ങിയപ്പോൾ അവൻ ചോദിച്ചു.

“ഹൈദ്രാബാദ്, ഭിലായ്, ബോംബെ..അലഞ്ഞു തിരിഞ്ഞു കൊറെ നാള്..”

“ എന്തായിരുന്നു സംഭവം ? നിന്റെ അമ്മ പറയാറൊള്ള നൊണ എന്നോടു പറയണ്ട.. സത്യം പറ.. നമ്മടെ അന്നത്തെ പരിപാടി ലീക്കൗട്ടായി നിന്റെ വീട്ടിലെത്തീര്ന്നാ ? ഓട്ടോർഷേല് കൊണ്ടന്നതും കൊണ്ടോയത്വൊക്കെ നീയായിര്ന്നില്ല്യേ..”

“അദെന്നെ..” ഓർക്കാപ്പുറത്തൊരു പിടി വള്ളി കിട്ടിയ സന്തോഷത്തോടെ ഞാൻ  പറഞ്ഞു .   “ എങ്ങന്യോ അമ്മ അറിഞ്ഞു..”
പിന്നെയും സംസാരങ്ങൾ , വിശേഷങ്ങൾ, വിവാഹം, വീട്..സുഹൃത്തുക്കൾ. അവൻ ദുബായിലാണത്രെ..

“വൈകീട്ട് നിൻക്കെന്താ പരിവാടി ?” അവസാനം അവൻ ചോദിച്ചു..

“ഒരു പരിവാട്യൂല്ല്യ.. സുഖായ്ട്ട് കെടന്നൊറങ്ങണം.. നാളെ വെളുപ്പിനെണ്റ്റ് പണിയ്ക്ക് പോകാനൊള്ളതാ..”

“നന്നായി..” അവൻ ചിരിച്ചു.. “ ഒരു കമ്പിനി കിട്ടാൻ നോക്കിരിയ്ക്കായിരുന്നു ഞാൻ.. എന്തായാലും ഇന്ന് രാത്രി നീ ഉറങ്ങുന്നില്ല..” അതാണവന്റെ സ്വഭാവം. അവനു സമയമുണ്ടെങ്കിൽ എല്ലാവരും അവന്റെ ചൊല്പടിക്കു നിന്നോളണം. പക്ഷെ അവനു സമയമില്ലെങ്കിൽ ഒന്നു മിണ്ടുക പോലും ചെയ്യാതെ പൊയ്ക്കളയും..

“ ഡാ..ഇനിയ്ക്ക് നാളെ ജോലിയ്ക്ക് പോണം..” ഞാൻ നിസ്സഹായത പറഞ്ഞു..

“ ഔ..നിന്റൊരു യോലി നാളത്തെ   ശമ്പളം ഞാൻ തരാം..” അവൻ എന്റെ തോളിൽ തട്ടി.. “ നീ വീട്ടിപ്പോയ് പറഞ്ഞിട്ട് വാ.. ഞാൻ സീഗോല്ണ്ടാവും..”

അവിടെ നിന്നിറങ്ങുമ്പോൾ  ഒമ്പതിനോടടുത്തിരുന്നു..

“ രാഗത്തിലെ പടം ഞാൻ കണ്ടതാട്ടാ..” കാറിനടുത്തേയ്ക്ക് നടക്കുമ്പോൾ ഞാൻ പറഞ്ഞു..

“ ഔ.. സിനിമ്യാ..അതൊക്കെ ഏത് പട്ടിക്കാളിയ്ക് വേണടാ ? മ്മള് ഒറിജിനലിന്റെ ആളാന്ന് നിൻക്ക് അറിഞ്ഞൂടെ.” അവൻ ചിരിച്ചു.

അവന്റെ ലക്ഷ്യം എന്താണെന്ന് എനിക്കേകദേശ രൂപം കിട്ടിത്തുടങ്ങിയിരുന്നു.

“ നീയീ പരിവാട്യൊന്നും ഇനീം നിർത്തീട്ടില്ല്യേ.. പെണ്ണും പെടക്കോഴ്യൊക്കെ ആയല്ലൊ..ഇനിയ്ക്കിപ്പൊ പഴേ ഇൻറ്റ്രസ്റ്റൊന്നൂല്ല്യാന്നാട്ടാ.. വെർദെ മെനക്കേട്..”

“ഹ ഹ അണ്ണാൻ മൂത്താല് മരം കേറ്റം മറക്ക്വോടാ.. വീട്ടിലൊള്ളത് വീട്ടി കെടക്കും.. മ്മക്ക് നാട്ടിലൊള്ള  മരത്തുമ്മഴും  കേറണ്ടേ. ഇൻ‌ട്രസ്റ്റൊക്കെ തന്നെ ഇണ്ടായ്ക്കോളും.. ആ ജാതി മൊതലാ...”

ഞാനവന്റെ കാറിന്റെ വാതിൽ തുറക്കാൻ തുടങ്ങുകയായിരുന്നു. അവൻ തടഞ്ഞു..

“ഇതിനൊക്കെ വേറേ വണ്ടിണ്ട് മോനെ..എന്തിനാ മ്മടെ വണ്ടി വെടക്കാക്ക്‌ണ്..  മ്മക്കൊള്ള വണ്ടി  ദവ്ടെ കിടക്ക്ണ്ടാവും..വാ..”

റൗണ്ട് വിജനമായി തുടങ്ങിയിരുന്നു. അവനു പുറകെ പതുക്കെ നടന്നു..
 
“ ഡാ..വേണോ ..?” ആത്മാർത്ഥമായി തന്നെയാണതു ചോദിച്ചത്. ഇത്രയും പ്രായത്തിൽ, അതും സ്വന്തം നാട്ടിൽ..അഭിനിവേശം നശിച്ചിട്ടൊന്നുമില്ല..പക്ഷെ എന്തൊക്കെയോ ചേർന്ന് പുറകോട്ടു വലിക്കുന്നു..


“ നീയ്യൊന്ന് മിണ്ടാണ്ടിര്ന്നേ..” പെട്ടന്നവൻ മുന്നിൽ നിർത്തിയിട്ടിരുന്ന  ഒരു കാറിന്റെ വാതിൽ തുറന്നു. “ വാ..കേറ്..”

ആകെ ഒരു വിഭ്രമം.. കാറിനുള്ളിൽ ആരൊക്കെയോ ഉണ്ട്.. അടക്കിയ ഒരു ചിരി കേട്ടു..
കാർ ഓടിത്തുടങ്ങിയപ്പോൾ, പുറമെ നിന്ന് കടന്നു വന്ന വെളിച്ചത്തിൽ സൂക്ഷിച്ചു നോക്കി. മുൻവശത്ത് ഡ്രൈവർ മാത്രമെ ഉള്ളൂ.. പിന്നിൽ, സുബൈറിന്റെയും അപ്പുറത്ത് ഒന്നുകൂടി സൂക്ഷിച്ചു നോക്കി.. എവിടെയോ കണ്ടിട്ടുണ്ട്..എവിടെയോ.. ഷൈല !?
ഡ്രൈവറോടെന്തോ പറയാൻ സുബൈർ മുന്നോട്ടാഞ്ഞപ്പോൾ കണ്ടു.. അവളും നോക്കുന്നുണ്ട്.. 

നാലു കണ്ണുകൾ കൂട്ടി മുട്ടി.. “ രമേഷ്.. !!”

“അഃ  അഃ അഃ ! അപ്പൊ നിൻക്കിവനെ അറിയ്യൊ ?” സുബൈർ ചോദിച്ചു..അവൻ എന്റെ നേരെ തിരിഞ്ഞു : “ നീയപ്പോ വന്നന്നു തൊട്ട് കൊടി കുത്തി തൊടങ്ങീട്ട്ണ്ടായിര്ന്നല്ലേ..ന്ന്ട്ട് മ്മടെ എര്ത്തൊരു ഡാവ്..”

“ കൊടി കുത്ത്യേതൊന്ന്വല്ല ഡാ...ഞങ്ങള് പഴേ അയ്ലക്കക്കാരാ..” ഞാൻ പറഞ്ഞു.
 പഴയ അയല്പക്കക്കാരി മാത്രമാണോ..?  റംലത്തയുടെ മകൾ.. അതിനുമപ്പുറം..

“അദെന്നെ..!”  അവൾ സ്വാഭാവീകതയിലേക്ക് തിരിച്ചെത്തി കഴിഞ്ഞിരുന്നു.. “  കൊറെ കൊല്ലം കഴിഞ്ഞ് പെട്ടന്ന് കണ്ടപ്പോ ഒരെളക്കം..അദെന്നെ.. അപ്പോ നീയെന്നാ നാട്ടിലെത്തിയേ ?”

“രണ്ടു മാസമായി..”

“അഃ അഃ അപ്പൊ ഇവന്റെ ചരിത്രോം അറിയാല്ലേ..” സുബൈറിന്റെ സംശയം മാറിയിരുന്നില്ല.

“ പിന്നേ.. എട്ടാം ക്ലാസ്സു വരെ ഞങ്ങളൊരുമിച്ച് പടിച്ചതാ.. ഇവൻ നാടുവിട്ടുപോയി കൊറെ കാലം കഴിഞ്ഞാ ഞങ്ങളവട്ന്ന് സ്ഥലം മാറിപ്പോയെ..അയ്ലക്കം ന്ന് പറഞ്ഞാ തൊട്ടയ്ലക്കം..”

“ ഉം..ഉം.. ഒരു പ്രേമകദേരെ ഫ്ലാഷ് ബാക്ക് ഞാൻ മണക്ക്ണ്ണ്ട്..” സുബൈർ എന്നെയൊന്ന് തോണ്ടി.

“ ഏയ്..ഇവൻ ആ ടൈപ്പ്വൊന്നായിരുന്നില്ല്യ.. സുമമ്മേരെ ചൊല്പടീല് നിക്ക്‌ണ ഒരു മണകൊണാഞ്ചൻ ചെക്കൻ .. സത്യം പറഞ്ഞാ, ഇവൻ നാടു വിട്ടു പോയതെന്തിനാന്ന് ഇപ്പഴും എനിക്കറിഞ്ഞൂടാ”

“ ഹ !  ആ കദ ഇനിക്ക്യറിയാം..” സുബൈർ കഥ പറയാനുള്ള ഒരുക്കത്തിലാണ്.

‘മണകൊണാഞ്ചൻ !’ അവൾ കളിയാക്കിയതാവണം..

ബാല്യം ഒരുമിച്ചായിരുന്നു..പക്ഷെ കോളേജും, ക്രിക്കറ്റും പുതിയ സൗഹൃദങ്ങളുമെല്ലാം തുടങ്ങിയപ്പോൾ ആ വലയത്തിൽ നിന്നകന്നു. പിന്നെ, പുസ്തകങ്ങളിൽ കണ്ട പെൺശരീരങ്ങൾ നേരിട്ട് കാണണമെന്ന് തോന്നിയ പ്രായത്തിലാണ് അവളെ വീണ്ടും ഓർത്തത്..പ്രേമിച്ച് കൈയ്യിലെടുക്കാം എന്ന വളഞ്ഞ ചിന്തയൊന്നും മനസ്സിൽ തോന്നിയില്ല. പകരം, കുറച്ചു നാളത്തെ നിരീക്ഷണത്തിനു ശേഷം  ഒരു രാത്രി അവരുടെ വളച്ചു കെട്ടിയ കുളിപ്പുരയ്ക്കു പിന്നിൽ മറഞ്ഞു നിന്നു,  അവളെയും കാത്ത്..

അവൾ വന്നു. തയ്യാറെടുപ്പുകൾ തുടങ്ങുകയായിരുന്നു..

പെട്ടന്നാണ്, എവിടെ നിന്നോ  ആ നിമിഷം പൊട്ടി വന്നു വീണ പോലെ അവിടെയെത്തിയ ഒരു  കൊടിച്ചിപ്പട്ടി എന്നെ നോക്കി കുര തുടങ്ങിയത് .. പുറകിലൂടെ ഓടാൻ വയ്യ.. ചെളി നിറഞ്ഞു കിടക്കുന്ന തോടാണ്.. പട്ടി നിർത്താതെ കുരയ്ക്കുന്നു.. വിയർത്തു വെളുത്തു.. അവൾക്കന്നും നല്ല തന്റേടമാണ്..

 “ ആരാ അവ്ടെ..”

അവളുടെ ചോദ്യത്തിൽ ഒന്നു കൂടി വിയർത്തു.

“ ആരാന്നാ ചോദിച്ചെ !” അവളുടെ ശബ്ദം ഉയർന്നു തുടങ്ങിയിരുന്നു. ഇനിയും ശബ്ദം ഉയർന്നാൽ..? കോളനിയാണ്.. രണ്ടു സെക്കന്റുമതി ആളു കൂടാൻ..

“ ഞാനാ ഷൈലേ..” വിയർത്തുവെന്തുവിളർത്ത് മുന്നോട്ട് വരുമ്പോൾ എവിടെ നിന്നാണാ മറുപടി വന്നത് ? അത്രയും നാണം കെട്ട് , തല കുമ്പിട്ട് ജീവിതത്തിലൊരിക്കലും നിൽക്കേണ്ടി വന്നിട്ടില്ല. അന്നും ഇന്നും..

“നീയ്യൊ !!” അവളും ഒന്നന്തിച്ചു പോയെന്ന് തോന്നുന്നു.. “ ഛീ..നാണമില്ലല്ലൊ..” കോപത്തെക്കാൾ  ആഴത്തിലെന്തോ  അവളുടെ ശബ്ദത്തിലുണ്ടായിരുന്നു.

അതുകൊണ്ടാണ് അന്നു മുഴുവൻ പേടിച്ചു വിറച്ച് ഉറങ്ങാതെ കിടന്നത്..

പക്ഷെ ഒന്നും സംഭവിച്ചില്ല..

പിറ്റേന്ന്, കോളേജിലേക്കിറങ്ങുമ്പോൾ അവൾ പിന്നാലെയുണ്ടായിരുന്നു..

“ ഡാ.. അവിടെ നിക്ക്” ഒഴിഞ്ഞ ഒരിടത്തെത്തിയപ്പോൾ അവൾ വിളിച്ചു.. “ ഇന്നാ..”
വീണ്ടുമെന്താണ്.. അവൾ നടന്നകന്നയുടനെ ആ നാലു മടക്ക് കടലാസ്സ് നിവർത്തി നോക്കി..മൂന്നേ മൂന്ന് വാക്കുകൾ മാത്രം..

 നാറി..നാറി.. പരമനാറി..’

അതിനു ശേഷം അവൾക്ക് മുഖം കൊടുത്തിട്ടില്ല..

ആ ഷൈലയാണിപ്പോൾ

വണ്ടി ടൗൺ വിട്ട് ഏതോ റോഡിലൂടെ നീങ്ങി തുടങ്ങിയിരുന്നു.

“നിങ്ങളിപ്പോ എവിട്യാ  താമസിക്ക്‌ണ്ദ് ?” ഞാൻ അവളോട് ചോദിച്ചു.

“ഏ ? ഞങ്ങളാ..” അവൾ സുബൈറുമായുള്ള സല്ലാപങ്ങൾ തുടങ്ങി കഴിഞ്ഞിരുന്നുവെന്ന് തോന്നുന്നു. “ ഞങ്ങളിപ്പോ ഒല്ലൂരാ..”

“ അല്ല ദിനേശാ..നമ്മളിങ്ങനെ പോയാ  മത്യാ..” സുബൈർ ഡ്രൈവറോട് ചോദിച്ചു.പണ്ടും അവനങ്ങനെയാണ്..ചൂടു പിടിച്ചു തുടങ്ങിയാൽ ലക്ഷ്യം ഒന്നു മാത്രമാകും.

“ എത്താറായി സാറെ..ദവടെ  സെന്ററീന്ന് ഒരു നാലു കിലോമീറ്ററ് ഉള്ളില്യ്ക്ക് പോയാ ഒരു സ്പോട്ട്ണ്ട്..ഒര് തയ്യപ്പ്..”

“ ആ തയ്യപ്പെങ്ങെ തയ്യപ്പ്..വേഗായ്ക്കോട്ടെ.” സുബൈർ  അതൃപ്തിയോടെ പറഞ്ഞു. 

പിന്നെയവൻ എന്റെ നേരെ തിരിഞ്ഞു : “ അല്ലാ..നീയെന്താ ഈ കൊരങ്ങൻ ചത്ത കാക്കാലന്റെ മായിരിരിക്ക്‌ണ്.. ഡീ ഷൈലേ..നീയീ ചെക്കന്യൊന്ന് ചൂടാക്ക്യേ..അല്ലെങ്ങെ തന്നെ ഇൻട്രസ്റ്റ് ഇല്ല്യാന്നാ അവൻ പറഞ്ഞിര്ന്നേ..അയെന്റേടേല് പഴേ അയ്ലക്കകാരീം കൂട്യായപ്പോ അവൻ തണത്തൂന്നാ തോന്ന്‌ണ്  അങ്ങനെ വിട്ടാ പറ്റില്ല്യല്ല..”

അവൻ അവളെ ഞങ്ങൾക്കിടയിലേക്ക് പിടിച്ചിരുത്തി.

“ ഹൈ..അങ്ങനെ വരാൻ വഴില്ല്യല്ലാ. ഇദൊക്കെ ഇപ്പ ശെര്യാക്കാന്നേ..” അവൾ ചിരിച്ചു.

ഒപ്പം, ഒരു കൈ എന്റെ ശരീരത്തിലൂടെ അരിച്ചു നടക്കാൻ തുടങ്ങി.

“നീയ്യൊന്ന്  എനങ്ങാണ്ട്‌രിന്നേ..” ഞാനവളുടെ കൈ പിടിച്ചു.

വണ്ടി, സ്ട്രീറ്റ് ലൈറ്റില്ലാത്ത ഒരു റോഡിലേക്ക് പ്രവേശിച്ചിരുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ നിരങ്ങിയോടി അല്പദൂരം ചെന്ന് വണ്ടിയൊരിടത്ത് നിന്നു.

“ഇവടെ എറങ്ങാം സാറെ..” ഡ്രൈവർ വണ്ടി ഓഫ് ചെയ്തു.

കുറ്റാക്കൂറ്റിരുട്ട്..

“ ഇവടെ എന്തൂട്ട്ണ്ടായ്ട്ടാ ദിനേശാ.. ഒന്നും കാണ്‌ണില്ല്യല്ലാ..” സുബൈർ അക്ഷമനായി.

“ലൈറ്റിട്ടാ പ്രശ്നാ സാറെഇത്തിര്യങ്ങ്ട് മുന്നിലിയ്ക്ക് പോയാ കൊറച്ച് വീട്ട്വാര്ണ്ട്..”

സുബൈർ ഡോർ തുറന്നു. “ ഇയിന്റൂള്ളീ കെട്ന്ന് ഇനിയ്ക്ക് പറ്റില്ല്യാട്ടാ..ഉഷ്ണിച്ച് ചാവും..”

“ ദേ..അവ്ട്യൊര് പഴേ മോട്ടോർഷെഡ്ഡ്ണ്ട് ..” ഡ്രൈവർ ചൂണ്ടി കാണിച്ചു.

ഇരുട്ടിൽ കണ്ണു തെളിഞ്ഞു വരുമ്പോൾ കാണുന്നുണ്ട്, കുറച്ച് ദൂരെ മാറി ഒരു ചെറിയ കെട്ടിടം.

സുബൈർ വസ്ത്രങ്ങളഴിച്ച് വണ്ടിക്കു പുറകിൽ വച്ചു. അവന്റെ ഉള്ള നാണം കൂടി എന്നൊ നഷ്ടപ്പെട്ടിരിക്കുന്നു.

“ എന്തായി ? നിന്റെ മൂഡ് ശെര്യായാ ?” അവനെന്നോട് ചോദിച്ചു.

“ അതവിടെ നിക്കട്ടെ..നിങ്ങ പോയ്ട്ട് വാ..” ഞാനവരെ പറഞ്ഞയച്ചു. എനിക്കറിയാം, അത്തരമൊരു ഘട്ടത്തിൽ,  അവൻ സമയവും അവസരവും മിനക്കെടുത്തില്ല.

ഡ്രൈവർ പുറത്തിറങ്ങി ഒരു സിഗററ്റിന് തീ പിടിപ്പിച്ചു.

“ വലിക്കുന്നോ സാറെ ?” അയാൾ ഒരു സിഗററ്റ് നീട്ടി.

പുറത്തിറങ്ങി ഞാനതിന് തീ പിടിപ്പിച്ചു.

ഒരഞ്ചു പത്തു മിനിറ്റു കഴിഞ്ഞു കാണും, അയാൾ എന്നെയൊന്ന് തോണ്ടി.

“സാറെ,  അവ്ട്യൊരു വെളിച്ചം കാണ്‌ണ്ണ്ടാ ?”

അയാൾ ചൂണ്ടിയ ദിശയിൽ ഞാൻ    സൂക്ഷിച്ച് നോക്കി.. ഇടയ്ക്കൊരു വെളിച്ചം മിന്നി മറഞ്ഞ പോലെ തോന്നി.

 ക്ലീയറായ്ട്ട് ഒന്നും കാണ്‌ണില്ല്യ.” ഞാൻ പറഞ്ഞു.

“ ഇണ്ട്..” അയാൾ സിഗററ്റ് കുത്തിക്കെടുത്തി. “ ഒരു ടോർച്ചടി കാണ്‌ണ്ണ്ട്..” അയാളുടെ സ്വരത്തിൽ ഒരു ജാഗ്രത.

ഇപ്പോൾ എനിക്കും കാണാം.. കുറച്ചു കൂടി അടുത്തെത്തിയിട്ടുണ്ട്.. രണ്ടോ മൂന്നോ ടോർച്ച് 
വെളിച്ചങ്ങൾ ഇങ്ങോട്ട് ഓടിയെത്തുന്നതു പോലെ.

“ ചതിച്ചു !” അയാൾ പരിഭ്രമത്തോടെ പറഞ്ഞു. “ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്യാം..സാറവരെ പോയി വിളിയ്ക്ക്..”

സംഭവം എനിക്കും കത്തി തുടങ്ങിയിരുന്നു. ഒരു ഉൾക്കിടിലത്തോടെ കെട്ടിടത്തിനടുത്തേയ്ക്ക് ഓടി.. “ സുബൈറേ..ഡാ..സുബൈറെ..”

അല്പനേരത്തേയ്ക്ക് മറുപടിയൊന്നുമില്ല. ഞാൻ വീണ്ടും വിളിച്ചു.

“നിൻക്കിത്ര തെരക്കായാ..” ഉള്ളിൽ നിന്ന് സുബൈറിന്റെ അസംതൃപ്തമായ ശബ്ദം..

“ അതല്ലടാ.. ലോക്കൽസ്..” പറഞ്ഞു തീരുന്നതിനു മുമ്പേ കേട്ടു, കാർ സ്റ്റാർട്ട് ചെയ്യുന്നതും അതിന്റെ ബോഡിയിൽ എന്തോ വന്നിടിക്കുന്നതും..പിന്നാലെ ആക്രോശങ്ങൾ.. ടോർച്ച് വെളിച്ചം ഇങ്ങോട്ട് 
നീണ്ടു വരുന്നു..

“ഓടിക്കോ..” അവളാണോ അത് പറഞ്ഞത് ?

ഓടി. റോഡൊന്നുമല്ല, ഒരു പറമ്പാണ്.. വായു പിടിച്ചോടിയാൽ ഏതെങ്കിലും തെങ്ങിൽ ചെന്നിടിക്കും. എന്നാലും പരമാവധി വേഗത്തിൽ ഓടി.. തൊട്ടു പുറകേ ആരോ ഉണ്ട് !
വീണ്ടും ഓടി..അന്തമില്ലാത്ത ഓട്ടം.. എത്ര ദൂരം ഓടിയോ ആവോ ? പുറകിലെ വെളിച്ചവും ശബ്ദവുമെല്ലാം അവസാനിച്ചുവെന്ന് തോന്നിയപ്പോൾ ഒന്നു തിരിഞ്ഞു നോക്കിയതാണ്. പെട്ടന്ന്, കാലിനടിയിലെ മണ്ണ് നഷ്ടപ്പെട്ടു എന്ന് മനസ്സിലായി. താഴേക്കാണ്ടു വീഴുകയാണ്.ഉള്ളിലൂടെ ഒരാന്തൽ കത്തി കയറി.. ..കാൽ, വെള്ളത്തിലൂടെ ചെളിയിലാണ്ടു.. ഭാഗ്യം..ഒരു തോടാണ്..തുഴഞ്ഞ് മുന്നോട്ടു നീങ്ങി.. പകുതി മുക്കാലും എത്തിയപ്പോൾ, പുറകിൽ മറ്റൊരാൾ വെള്ളത്തിലേക്ക് ചാടുന്ന ശബ്ദം..

ദൈവമെ ! അവസാനിച്ചു..അനങ്ങാൻ പറ്റുന്നില്ല..കാലൊക്കെ മരവിച്ചതു പോലെ..

“ ഓടണ്ട..ഇതു ഞാനാ..!” അവളുടെ ശബ്ദം.

ഹൊ ! ആശ്വാസം.. പക്ഷെ..

“അവര് പിന്നാലിണ്ടാ ?”
 
“ഉവ്വ ! പിന്നാലെ !.. എന്തോരം ഓടീന്നെച്ച്വ്‌ട്ടാ..പണ്ടാറം..ഞാനിപ്പോ കെതച്ച് ചാവും..”

വീണ്ടും ആശ്വാസം.. പക്ഷെ..

“സുബൈറോ ?”

“അയ്യാളു വേറൊരു വഴിക്കോടി..”

പതുക്കെ കരയ്ക്കു കയറി. ഇല്ല.. ആളും അനക്കവും വെളിച്ചവും ഒന്നും കാണാനില്ല.

പക്ഷെ നേരിയ നിലാവിൽ വ്യക്തമാകുന്നുണ്ട്.. കരയിലിരുന്ന് കിതക്കുന്ന അവളുടെ ദേഹത്ത് തുണിയൊന്നുമില്ല.

“ നിന്റെ തുണിയൊക്കെ എന്ത്യേ ? “

“ മൈര് ! ആൾക്കാര് പൊക്കാൻ വര്‌ണ നേരത്ത്‌ണൊരു തുണി..” അവളൊന്ന് കാർപ്പിച്ചു തുപ്പി. “ അദിപ്പൊ ആ തെണ്ട്യേള് കത്തിച്ച് കളഞ്ഞ്ട്ട്‌ണ്ടാവും..”

എന്റെ വായടഞ്ഞു.

“നിന്റേല് വീഡ്യാ സിഗ്രറ്റങ്ങാൻ ഇണ്ടാ .. ? പണ്ടാറം തണ്ത്ത്ട്ടും പാടില്ല്യ..” അല്പം കഴിഞ്ഞ് അവൾ ചോദിച്ചു.

“ ഇല്ല്യ..”ഞാൻ കൈ മലർത്തി.

വീണ്ടും നിശബ്ദത.

“ഇനിപ്പൊ എന്തൂട്ടാ ചെയ്യാ ?” ഞാൻ ചോദിച്ചു.

“എന്തൂട്ട്..വീഡി വലിക്ക്യാനാ ?” അവളുടെ തമാശ ! റംലത്തയുടെ മോൾ തന്നെ !.. ആന കുത്താൻ വരുമ്പോഴും ഇങ്ങനെ ഓരോ തമാശയും പറഞ്ഞിരിക്കും.

“നീയൊന്ന്ങ്ങ്ട് തിരിഞ്ഞിര്ന്നേ..ഇനിയ്ക്കൊന്ന് മുള്ളണം..” അല്പം കഴിഞ്ഞ് അവൾ പറഞ്ഞു.

“ ഓ..അയിനിപ്പോ ഞാനൊന്നും കാണ്‌ണില്ല്യാന്നാ നിന്റെ വിജാരം ?” ഞാൻ കളിയാക്കി.

“കണ്ടാല്വെനിക്കൊരു ചുക്കൂല്ല്യ .. വെർദെ ഒരാണിന്റെ മോത്തിയ്ക്ക്യ് മുള്ളണ്ടാന്ന്വെച്ച്ട്ടാ..”  അവൾ തിരിഞ്ഞിരുന്നു. “ ന്ന്വെച്ച്ട്ട് നീയ്യ് വെല്ല്യ പ്രമാണ്യായീന്നൊന്നും വിജാരിക്കണ്ട.. സ്കൂള് വിട്ട് വന്നാ നീ മൂട് മൊത്തം കീറിയ ട്രൗസറല്ലെ ഇടാറ്.. പാലത്തിന്റെ എറക്കിലെ മാവുമ്മെ കേറുമ്പോ നിന്റെ സുനാമണി കെട്ന്നാട്‌ണദ് ഞാനെന്തോരം കണ്ട്ട്ട്‌ണ്ട്ന്ന്വെച്ച്ട്ടാ..”

“ ഹ ഹ ഹ..” ആ ടെൻഷനിലും ഞാൻ ചിരിച്ചു പോയി.

“ ഇര്ന്ന് കിളിക്ക്യാണ്ട്  ഇനിക്ക്യെവടെന്നെങ്കിലും രണ്ട് കഷ്ണം തുണി എട്ത്തുണ്ടാ ചെക്കാ.. കൊറച്ച് കഴിഞ്ഞാ നേരം വെള്ക്കും..” അവൾ എണീറ്റു നിന്നു.

“ എവ്ട്യാന്ന് വെച്ചാ” ഞാൻ കൈ മലർത്തി. ചുറ്റും ആകാശത്തേയ്ക്ക് ഓല വിരിച്ചു നിൽക്കുന്ന തെങ്ങുകൾ മാത്രം..ഇടയ്ക്കിടെ ചെറിയ തോടുകൾ കാണാനുണ്ട്.. അതിലൊന്നും വീഴാതെ ഇത്ര ദൂരം എത്തിയതത്ഭുതം തന്നെ !

“ മ്മക്ക് വന്ന വഴിയെന്നെ നടക്കാ..” അവൾ മുന്നേ നടന്നു.

“ ഇദ് തന്ന്യണാ വന്ന വഴി ?” ഞാൻ ചോദിച്ചു.

“അദേന്ന് വിചാരിച്ചങ്ങ്ട് നടക്കെന്നെ..”

നടന്നു..

അവൾ പറഞ്ഞത്   ശരിയാണ്.. നല്ല തണുപ്പ്.. നനഞ്ഞ് ദേഹത്തൊട്ടി കിടക്കുകയാണ് ഷർട്ടും പാന്റും.. അവളാണെങ്കിൽ യാതൊരു നാണവുമില്ലാതെ അങ്ങനെ മുമ്പിൽ തുള്ളി തുളുമ്പി നടക്കുന്നു

 “ഷൈലേ..” ഞാൻ വിളിച്ചു.

 ശബ്ദത്തിലെ മാറ്റം അവൾ തിരിച്ചറിഞ്ഞുവോ ?

“ഉം ?” തിരിഞ്ഞു നിൽക്കുന്നു..തൊട്ടു മുന്നിൽ..ചൂടുള്ള ഉച്ഛ്വാസവായു മുഖത്തടിക്കുന്നു..

“ എനിക്കും തണക്ക്‌ണ്ണ്ട്...”

………

അനന്തമായ ഭൂമി..നക്ഷത്രങ്ങൾ..അതിനിടയ്ക്ക് രണ്ടു മനുഷ്യശരീരങ്ങൾ..

ആകാശത്ത് ചെറിയൊരിരമ്പൽ.. എവിടെ നിന്നോ വാരിക്കൂട്ടിയ ഓലക്കീറുകൾക്ക് മീതെ ആകാശം നോക്കി കിടക്കുകയായിരുന്നു ഞങ്ങൾ. ചുവപ്പും നീലയും വെളിച്ചങ്ങൾ മിന്നിച്ച് ഒരു വിമാനം ആകാശത്തൂടെ നീന്തിപ്പോയി.

“ മൂന്ന് മണി കഴിഞ്ഞു..” അവൾ പറഞ്ഞു.

ഞാൻ മൂളി.

“ഇങ്ങനെ കെട്ക്കാണ്ട് ഇനിയ്ക്ക്യൊര് തുണിക്കഷണം എട്ത്തുണ്ടാടാ ചെക്കാ..” അവൾ വീണ്ടും പറഞ്ഞു.

“മ്മക്ക് ഇങ്ങനെന്നെ ഇവടെ കെട്ന്നാപ്പോരെ?” ഞാൻ ചോദിച്ചു.

“മത്യായ്ര്ന്നു.. ഈ പറമ്പങ്ങനെന്നെ ഒരു കാടിന്റെ നട്ക്ക് കൊണ്ട്വെച്ചാ.. ആള്വ്വേളും ബഹളോന്ന്വില്ല്യാത്ത ഒരു വെല്ല്യ കാടിന്റെ നട്ക്ക്..”

“ എന്നാ ഞാനൊന്ന് നോക്കട്ടെ..” ഞാൻ ഏണീറ്റു.

“എന്തൂട്ട് ?”

“അങ്ങ്യനൊരു കാട്..”

                                                                *******