അനുഭവങ്ങൾ പലരുടേതുമാകാം. പക്ഷെ കഥ പറയുമ്പോൾ അത് ഉത്തമപുരുഷന്റേതു മാത്രമാകുന്നു

തിങ്കളാഴ്‌ച, നവംബർ 18, 2013

അസുലഭ നിമിഷം







പ്രകാശനത്തിനു തലേന്ന്, പങ്കെടുക്കും എന്ന് ഉറപ്പ് നൽകിയവരുടെ കണക്കെടുത്തപ്പോൾ,  25 – 30 പേരിലെത്തി ലിസ്റ്റ് അവസാനിച്ചു. ചങ്ങാതി ബിനോയിക്കും  അച്ഛനും  ഒപ്പം ഫ്രൈഡേ ക്ലബ്ബ് ഹാളിനു മുമ്പിൽ കാലത്ത് പതിനൊന്ന് മണിക്ക് വണ്ടിയിറങ്ങുമ്പോൾ, ആദ്യമെത്തിയതിന്റെ ‘ക്രെഡിറ്റ്’ ഞങ്ങൾക്കായി.   പിന്നെയല്പം കഴിഞ്ഞപ്പോൾ കൈയ്യിൽ ഫ്ലക്സുമായി തീവണ്ടി ഡ്രൈവർ സിയാഫ് ഭായ്. പിന്നാലെ മനോരാജും യൂസഫ് ഇക്കയും എത്തി.   ഹാളിലെ സൗകര്യങ്ങളെല്ലാം ഒരുക്കി തന്നത് ഒരു ‘ചേട്ടനാ’ണ് ( എന്താണാവോ ചേട്ടന്റെ പേര് ? മേശവിരിപ്പ് തൊട്ട്, അതിഥികൾക്കുള്ള കുപ്പി വെള്ളം വരെ എത്തിച്ചത് ചേട്ടനാണ്. ആ  ചേട്ടന്റെ  പേര് സ്നേഹമെന്നല്ലാതെ എന്താവും ?). പിന്നെ ദാ വരുന്നു പത്രക്കാരനും (ജിതിനും ) തിരിച്ചിലാനും  ( ഷബീർ ). ഒപ്പം സോണിയും മകനുമെത്തി. അതിനിടയ്ക്ക് പുസ്തകങ്ങൾ വില്പനയ്ക്കു നിരത്തി. ദേഹാന്തരയാത്രകളും ആപ്പിളും കഥമരവും താഴെ തന്നെ പൂട്ടി വച്ചു. പ്രകാശനം നടക്കുമ്പോഴേ അതാതു പുസ്തകങ്ങൾ മേശപ്പുറത്തു പൊന്തി വരാവൂ അത്രേ. മനോരാജിന്റെ ഓരോ തന്ത്രങ്ങൾ..

പിന്നെ ദാ ഓരോരുത്തരായി. വരാമെന്ന്  നേരിട്ട് ഉറപ്പു നൽകിയവരിൽ, നിഷ ദിലീപും കൃഷ്ണപ്രസാദും നേരത്തേ തന്നെ എത്തിയവരിൽ പെടുന്നു. പിന്നെ വിശിഷ്ടാതിഥികൾ,  കൃതി – കഥാ മത്സര സമ്മാനർഹർ, കഥമരത്തിലെ രചയിതാക്കൾ, അവരുടെ കുടുംബാംഗങ്ങൾ, എല്ലാവരേയും അതിശയിപ്പിച്ചു കൊണ്ട് സാക്ഷാൽ സുസ്മേഷ് ചന്ദ്രോത്ത്. അദ്ദേഹത്തെയടക്കം  പലരേയും പരിചയപ്പെട്ടു.  3.15 നു ചടങ്ങ് തുടങ്ങിയപ്പോൾ ഇരിപ്പ് പതുക്കെ  മുൻനിരയിലേക്കാക്കി. ഇടയ്ക്കൊന്ന് തിരിഞ്ഞു നോക്കുമ്പോൾ, ഓഷ്വിറ്റ്സിന്റെ പോരാളി,അരുൺ ആർഷയുൾപ്പെടെയുള്ളവരുടെ നിറഞ്ഞ സദസ്സ്. അവരിൽ ആർ എസ് കുറുപ്പു സാറിനെ പോലുള്ള പ്രഗത്ഭരുമുണ്ടായിരുന്നു എന്ന് പിന്നീടാണറിഞ്ഞത്.

 ഓൺലൈൻ മീറ്റിനിടയ്ക്ക് പുസ്തകപ്രകാശനം നടക്കുമ്പോൾ രണ്ട് തരത്തിലുള്ള പരാതികൾ ഉണ്ടാവാറുള്ളതായി അനുഭവമുണ്ട്. പ്രകാശനത്തിനു വേണ്ടത്ര പൊലിമ കിട്ടിയില്ല എന്ന് പുസ്തകവുമായി ബന്ധപ്പെട്ടവർക്കു  നിരാശപ്പെടുമ്പോൾ, പ്രകാശനക്കാർ തങ്ങളുടെ സമയം അപഹരിച്ചു  എന്നായിരിക്കും ആ ചടങ്ങിൽ  താല്പര്യമില്ലാത്തവരുടെ പരാതി. വിശേഷിച്ചും, പ്രകാശന ചടങ്ങുമായി ബന്ധപ്പെട്ടവർ, സമയബോധമുൾക്കൊള്ളാതെ നെടുനീളൻ പ്രസംഗങ്ങൾ കാഴ്ച്ച വെക്കുമ്പോൾ. എന്നാൽ, 16 – 11 – 2013 എന്ന ദിവസവും കലൂർ ഫ്രൈഡേ ക്ലബ്ബ് ഹാളും അന്നവിടെ സന്നിഹിതരായവരുടെ ഓരോരുത്തരുടെയും മനസ്സിൽ തങ്ങി നിൽക്കുന്നത്, ചുരുങ്ങിയ സമയത്തിനുള്ളിൽ, ശ്രീ എം കെ ഹരികുമാർ സാറും ശ്രീ ബഷീർ മേച്ചേരിയും ശ്രീ രവിവർമ്മ തമ്പുരാനും ശ്രീ സുസ്ന്മേഷ് ചന്ദ്രോത്തും   ശ്രീ സോക്രട്ടീസ് വാലത്തും ശ്രീ മനോജ് രവീന്ദ്രനുമെല്ലാം           ( നിരക്ഷരൻ ) സൃഷ്ടിച്ച  വാങ്മയപ്രപഞ്ചം കൊണ്ടായിരിക്കും. കഥയെ കുറിച്ചും എഴുത്തിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം  ഒന്നിനൊന്ന് വ്യതിരിക്തമായ ചിന്താധാരകൾ, ഓരോ എഴുത്തുകാരനിലും ഉണർവിന്റെ സ്ഫുലിംഗങ്ങൾ പടർത്തിയിട്ടുണ്ടാവും.

 ഉദ്ഘാടനത്തിനും പുരസ്ക്കാര സമർപ്പണത്തിനും  കഥമരത്തിന്റെ പ്രകാശനത്തിനും ശേഷം, ദേഹാന്തരയാത്രകളുടെ പ്രകാശനം. അഭിമാന നിമിഷം എന്നൊക്കെ പറയുമ്പോഴും, പ്രകാശനം നിർവഹിച്ച എം കെ ഹരികുമാർ സാറിനും പുസ്തകം ഏറ്റുവാങ്ങിയ ബഷീർ മേച്ചേരി സാറിനും  ഇടയിൽ, ‘യാത്ര’കളുടെ പുസ്തകരൂപത്തിന്റെ പുറകിൽ നിൽക്കുമ്പോൾ, എന്തൊക്കെയോ ഉത്കണ്ഠകളുടെ പാരമ്യത്തിലായിരുന്നു മനസ്സ്. ഹരികുമാർ സാർ  ചിരിച്ചു കൊണ്ടെന്തോ ചോദിച്ചു. ചുണ്ടിലൊരു ചിരി വരുത്തി മറുപടിയും പറഞ്ഞു. അതിനു പിന്നാലെ, ഓതേഴ്സ് കോപ്പി ശ്രീ സുസ്മേഷ് ചന്ദ്രോത്തിൽ നിന്ന് ഏറ്റു വാങ്ങാനുള്ള ഭാഗ്യവുമുണ്ടായി.












“സന്തോഷിക്കൂ.. എന്തൊക്കെയോ ആകസ്മികതകളുടെ ആകെത്തുകയാണ് ജീവിതം” പ്രാന്തി പപ്പി ഉള്ളിലിരുന്ന് ചിരിക്കുന്നുണ്ട്.  

അതെ. ആഹ്ലാദിക്കുക തന്നെയാണ്.

ദേഹാന്തരയാത്രകൾക്ക് ജീവൻ പകർന്ന അംജത്തിനൊപ്പം, ഗ്രന്ഥരൂപം നൽകിയ ‘കൃതി’ക്കും കൃതിയിലെ മനോരാജിനും  ഒപ്പം, അന്നവിടെ മനസ്സു കൊണ്ടും ശരീരം കൊണ്ടും സന്നിഹിതരായവർക്കൊപ്പം
. അന്നും അതിനു മുമ്പും ‘യാത്ര’യിലെ അക്ഷരങ്ങൾക്കൊപ്പം സഞ്ചരിച്ചവർക്കൊപ്പം, ഇനിയും  സഞ്ചരിക്കാനിരിക്കുന്നവർക്കൊപ്പം..

ആഹ്ലാദിക്കുക തന്നെയാണ്..

‘ആപ്പിളി’ന്റെ പ്രകാശത്തിൽ തിളങ്ങുന്ന സിയാഫ്ഭായ്ക്കൊപ്പം, ‘കഥമര’ത്തിന്റെ തണലിൽ കൂട്ടം ചേരുന്നവർക്കൊപ്പം..

എല്ലാവർക്കും  നന്ദി..