അനുഭവങ്ങൾ പലരുടേതുമാകാം. പക്ഷെ കഥ പറയുമ്പോൾ അത് ഉത്തമപുരുഷന്റേതു മാത്രമാകുന്നു

വെള്ളിയാഴ്‌ച, നവംബർ 15, 2013

ദേഹാന്തരയാത്രകൾ







പുരുഷൻ ഏതു പ്രായത്തിലാണ് സ്ത്രീയിലെ അമ്മയേയും സഹോദരിയേയും സുഹൃത്തിനേയും ദേവിയേയുമെല്ലാം കണ്ടെത്തുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഉണ്ടെന്ന്  കരുതുന്നില്ല.. എന്നാലോ,  അവളെ ശരീരമായി മാത്രം കാണുന്ന ഒരു വളർച്ചാഘട്ടം അവന്റെ ജീവിതത്തിലുണ്ട് എന്നത് നഗ്നമായ, പച്ചയായ പലരും തുറന്ന് സമ്മതിക്കാൻ മടിക്കുന്ന ഒരു സത്യം മാത്രവും.( ആ പരിസരങ്ങളിൽ ചുറ്റിപ്പറ്റി നിന്ന് വളർച്ച മുരടിച്ചു പോയ പുരുഷമനസ്സുകളെയും നാം കാണാറുണ്ടല്ലൊ.). അത്തരം കാഴ്ച്ചകൾ, അല്ലെങ്കിൽ ഫാന്റസികൾ പറയാൻ ശ്രമിച്ചാൽ എന്തായിരിക്കും പ്രതികരണം എന്നറിയാൻ എന്റെ വിഡ്ഡി മനസ്സിൽ ഒരാഗ്രഹമുണ്ടായി. അതൊരു മണ്ടൻ തീരുമാനമോ ആശയമോ ആകാം എന്നുള്ളതുകൊണ്ട്, ഒരു വിഡ്ഡിമാനല്ലാതെ ആർക്കാണത് പറയാൻ കഴിയുക എന്നൊരു ചിരി ഒപ്പം ഉള്ളിൽ വിരിഞ്ഞു. ബ്ലോഗ് ലോകം തന്നെയായിരിക്കണം അവതരണവേദി എന്ന് തീരുമാനിക്കുന്നത്, പേരോ പദവിയോ  അന്വേഷിക്കാതെ, പണ്ഡിതനോ പാമരനോ എന്ന് വേരുകൾ തേടി പോകാതെ, ചുമരിന്മേൽ പന്തടിച്ചതു പോലെ ‘കമന്റു’കൾ ഉയരുന്ന ബൂലോക ചടുലത തിരിച്ചറിഞ്ഞതു കൊണ്ടു കൂടിയായിരുന്നു. ഞങ്ങൾ തൃശ്ശൂർക്കാർ പുനരുജ്ജീവിപ്പിച്ച ‘വെടി’യുടെ നാനാർത്ഥം  അരയിലണിഞ്ഞ്,  ‘വെടിക്കഥകൾ’ സൈബർമുറ്റത്ത്  പിറന്നു പിച്ച വെക്കുന്നത് അങ്ങിനെയാണ്.

കേരളത്തിനു പുറത്ത് ജീവിച്ചോ സഞ്ചരിച്ചോ പരിചയമില്ലാതിരുന്നതുകൊണ്ട്, ഉത്തമപുരുഷന്റെ പശ്ചാതല വിവരണങ്ങൾക്ക് വളമായുപയോഗിച്ചത് കേട്ടറിവുകളും ഭാവനയുമായിരുന്നു. ചിലയിടത്ത് ഗൂഗിളിന്റെ സഹായവും ഉപയോഗപ്പെടുത്തി
.  തെലുങ്കും ഗുജറാത്തിയുമെല്ലാം പറഞ്ഞു തന്നത് ചില സുഹൃത്തുക്കളാണ്. നോവലെന്നോ കഥകളെന്നോ ലേബൽ ചെയ്യാതെ, ഒരു ഒഴുക്കിലങ്ങനെ എഴുതിപോകവെ ഒരതിശയം !. ‘ശരീരങ്ങളുടെ തെരുവിൽ’ എന്ന അദ്ധ്യായത്തിന്/കഥയ്ക്ക് ‘കൂട്ടം’  എന്ന സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റ് നടത്തിയ കഥാ മത്സരത്തിൽ രണ്ടാം സമ്മാനം !

പിന്നീട് വായനക്കാരിൽ ചിലർ ഇത് പുസ്തകമാക്കണം എന്ന് അഭിപ്രായപ്പെട്ടപ്പോൾ ‘ഉം..ഉം.. കേട്ട്ണ്ട്.. കേട്ട്ണ്ട്’ ഇന്ന് ‘മ്മടെ ഇന്നച്ചൻ’ സ്റ്റൈലിൽ ചിരിക്കുകയായിരുന്നു പതിവ്. പക്ഷെ, ഓൺസ്ക്രീൻ അക്ഷരങ്ങൾ സമ്മാനിച്ച പ്രിയസുഹൃത് അംജദ്ഖാൻ, അങ്ങനെയൊരു നിർബന്ധത്തിന്റെ പുറത്ത് നേരിട്ട് കാണാനെത്തിയപ്പോൾ, അത്ഭുതങ്ങളുടെ കാലം അവസാനിച്ചിട്ടില്ല എന്ന് ബോധ്യപ്പെട്ടു. പിന്നീടാണ് ചില പ്രസാധകരെ സമീപിക്കുന്നത്. സദാചാരത്തിന്റെ വൃത്തമുദ്ര ചാർത്തി അവരെല്ലാം അത് മാറ്റി വെക്കുകയാണ് എന്ന ആശ്ചര്യം, പതിയെ നിരാശയിലേക്ക് വഴി മാറി കൊണ്ടിരിക്കുമ്പോഴാണ്  കൃതി ബുക്സ് സധൈര്യം മുന്നോട്ടു വരുന്നത്.
അപ്പോഴും കടമ്പകൾ ഏറെയായിരുന്നു. പുസ്തകമാകുമ്പോൾ കാറ്റഗറൈസ് ചെയ്യപ്പെടേണ്ടേ? ഇത് കഥയാണോ? നോവലാണോ? അതോ ഒരു കഥാപാത്രത്തിന്റെ ദിനസരിക്കുറിപ്പാണോ? ആദ്യമേ എനിക്കുണ്ടായ സംശയം വീണ്ടും തലപൊക്കി. ഇത് ഒരു നോവൽ ഭൂമികയാണെന്നും അതിനുള്ള സാധ്യത ഇതിനുണ്ടെന്നും പ്രസാധകർ അവകാശപ്പെട്ടു. അപ്പോൾ വീണ്ടും പ്രശ്നം . ഒരു നോവലിനെങ്ങിനെ കഥകൾ എന്ന പേരിടും..? പുതിയ ഒരു പേരായി പിന്നെ ചിന്ത..  ഒടുവിൽ ദേഹാന്തരയാത്രകളിൽ എത്തിച്ചേർന്നു.

വെടിക്കഥകളിൽ നിന്നും ദേഹാന്തരയാത്രകളിലേക്കുള്ള ഈ യാത്രയിൽ താങ്ങായും കൂട്ടായും നിന്ന ഒട്ടേറെ പേരുണ്ട്.  യാതൊരു മുൻപരിചയവുമില്ലാതിരുന്നിട്ടും , കേവലം  ഒരു  ഇ-മെയിൽ അഭ്യർത്ഥനയുടെ പുറത്ത് , തിരക്കുകൾക്കിടയിലും ഒരു വായനയ്ക്ക് തയ്യാറാവുകയും ദേഹാന്തരയാത്രകളുടെ ആത്മാവ് തൊട്ടറിഞ്ഞ് അവതരിപ്പിക്കുകയും  ചെയ്ത രവി വർമ്മ സർ, കവറിനും ചിത്രങ്ങൾക്കും തൂലിക ചലിപ്പിച്ച സുധീഷ് കൊട്ടീമ്പ്രം, ഊർജ്ജം പകർന്ന് ഒപ്പം നടക്കുന്ന അംജദ്, മറ്റ് ഓൺലൈൻ ചങ്ങാതിമാർ, വായനക്കാർ ഇവരോടൊക്കെ എങ്ങിനെ നന്ദി അറിയിക്കണമെന്ന് അറിയില്ല. വാക്കുകൾക്കതീതമാണത്.

കഥകൾ പറഞ്ഞും പാത്രങ്ങളായി  പകർന്നാടി രസിപ്പിച്ചും ജീവിതസഞ്ചാരം  അവിസ്മരണീയമാക്കിയ എല്ലാ മനുഷ്യമഹാജന്മങ്ങൾക്കും ഈ യാത്രാപുസ്തകം സമർപ്പിക്കട്ടെ..


പ്രകാശന ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.


7 അഭിപ്രായങ്ങൾ:

  1. കൃതി
    ബുക്സ്
    എറണാകുളം ആണ് പ്രസാധകർ.കോപ്പികൾ
    എന്റെ കൈയ്യിൽ ലഭ്യമാണ്. പുസ്തകം വി പി പി ആയി ലഭിക്കാൻ bookskrithi@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെട്ടാൽ മതിയാകും . ഇതുകൂടാതെ 'ഇന്ദുലേഖ' എന്ന ഓൺലൈൻ പോർട്ടൽ വഴിയും പുസ്തകം ലഭ്യമാണ് ( http://www.indulekha.com/krithi )

    മറുപടിഇല്ലാതാക്കൂ
  2. റോസാപ്പൂക്കള്‍9:32 PM, നവംബർ 15, 2013

    എല്ലാ വിധ ആശംസകളും

    മറുപടിഇല്ലാതാക്കൂ
  3. എല്ലാവിധ ആശംസകളും നേരുന്നു!

    മറുപടിഇല്ലാതാക്കൂ
  4. ആശംസകള്‍, മനോജ്
    നാട്ടില്‍ വരുമ്പോള്‍ പുസ്തകം വാങ്ങാം

    മറുപടിഇല്ലാതാക്കൂ
  5. ജോസെലെറ്റ്1:57 AM, നവംബർ 17, 2013

    അര്‍ഹതപ്പെട്ട അംഗീകാരം അല്പം വൈകിയാണെങ്കിലും വിഡ്ഢിമാനെ തേടിയെത്തിയതില്‍ സന്തോഷം. മനോജിന്റെ കഥകളിലെ മനോഹരവുമായ പശ്ചാത്തലവിവരണങ്ങള്‍ വായനക്കാരന് വളരെ പെട്ടന്ന് വിഷ്വലൈസ് ചെയ്യാനാകുന്നവയാണ്. അതിന് ചെറു കഥയെക്കാള്‍ ഒരു നോവലിന്‍റെ ലേബലാണ് ഉചിതം എന്ന് മുന്‍പേ തോന്നിയിരുന്നു.

    മറുപടിഇല്ലാതാക്കൂ